---
title: "ഇലഞ്ഞിത്തറ മേളം മുതൽ കുടമാറ്റം വരെ; പൂരപ്രേമികൾക്ക് തൃശൂരിൽ ഒരുക്കിയ യാത്രാ വിരുന്നറിയാം"
english_title: "Know about the travel feast prepared in Thrissur for Pooram lovers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354206/know-about-the-travel-feast-prepared-in-thrissur-for-pooram-lovers"
published_at: "2026-04-19T14:17:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4970917fdf_15.jpg"
keywords: []
---

# ഇലഞ്ഞിത്തറ മേളം മുതൽ കുടമാറ്റം വരെ; പൂരപ്രേമികൾക്ക് തൃശൂരിൽ ഒരുക്കിയ യാത്രാ വിരുന്നറിയാം

> **Lead Summary:** **[** കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ, പൂരങ്ങളുടെ പൂരത്തിന് വേദിയാകാൻ ഒരുങ്ങുകയാണ്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ വിസ്മയ കാഴ്ച ലോകമെമ്പാടുമുള്ള സഞ്ചാരികളെയും പൂരപ്രേമികളെയും ആകർഷിക്കുന്ന ഒന്നാണ്.

## Article Content

**[** കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ, പൂരങ്ങളുടെ പൂരത്തിന് വേദിയാകാൻ ഒരുങ്ങുകയാണ്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ വിസ്മയ കാഴ്ച ലോകമെമ്പാടുമുള്ള സഞ്ചാരികളെയും പൂരപ്രേമികളെയും ആകർഷിക്കുന്ന ഒന്നാണ്.

മേടമാസത്തിലെ പൂരം നക്ഷത്രത്തിൽ അരങ്ങേറുന്ന ഈ ആഘോഷം കേവലം ഒരു ഉത്സവം മാത്രമല്ല, മറിച്ച് മേളം, ആനകൾ, വെടിക്കെട്ട് എന്നിവയുടെ ഒരു മഹാസംഗമം കൂടിയാണ്. ഏപ്രിൽ 26-നാണ് ഇക്കൊല്ലം തൃശൂർ പൂരം നടക്കുന്നത്.

പൂരത്തിന്റെ തുടക്കം രാവിലെ ഏഴ് മണിക്ക് നാദസ്വരത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി ക്ഷേത്രത്തിൽ നിന്നുള്ള പുറപ്പാടോടെയാണ്. ഉച്ചയ്ക്ക് 11:30-ന് ആരംഭിക്കുന്ന പ്രസിദ്ധമായ 'മഠത്തിൽ വരവ്' പഞ്ചവാദ്യം മേളപ്രേമികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്ന വിശ്വപ്രസിദ്ധമായ 'ഇലഞ്ഞിത്തറ മേളം' പാണ്ടിമേളത്തിന്റെ തനതായ ഭാവങ്ങൾ പകർന്നുനൽകും.

വൈകുന്നേരം അഞ്ചരയോടെ തെക്കേ ഗോപുരനടയിലൂടെയുള്ള 'തെക്കോട്ടിറക്കവും' പിന്നാലെ ആറുമണിയോടെ പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിലുള്ള വാശിയേറിയ 'കുടമാറ്റവും' പൂരത്തിന്റെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളാണ്. 28-ാം തീയതി പുലർച്ചെ മൂന്ന് മണിക്കാണ് ആകാശപ്പൂരം എന്നറിയപ്പെടുന്ന വെടിക്കെട്ട് നടക്കുക.

പൂരം കാണാനെത്തുന്നവർക്ക് തൃശൂർ നഗരത്തിൽ തന്നെ വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. സ്വരാജ് റൗണ്ടിന് തൊട്ടടുത്തുള്ള വാരിയം ഹെറിറ്റേജ് ഹോംസ്റ്റേ, എലൈറ്റ് ഹോട്ടൽ, വൈറ്റ് പാലസ് എന്നിവ ബജറ്റ് യാത്രക്കാർക്ക് അനുയോജ്യമാണ്.

പൗരാണികത ഇഷ്ടപ്പെടുന്നവർക്ക് കുന്നമ്പത്ത് ഹെറിറ്റേജ് തിരഞ്ഞെടുക്കാം. അതേസമയം, കൂടുതൽ ആഡംബരം ആഗ്രഹിക്കുന്നവർക്ക് അഞ്ച് കിലോമീറ്റർ മാറി പുഴക്കലിലുള്ള ഹയാത്ത് റീജൻസി തിരഞ്ഞെടുക്കാവുന്നതാണ്.

ഭക്ഷണത്തിന്റെ കാര്യത്തിൽ തൃശൂർക്കാർക്ക് പ്രിയപ്പെട്ട രാധാകൃഷ്ണ ഹോട്ടൽ, ഭാരത് ഹോട്ടൽ എന്നിവ മികച്ച വെജിറ്റേറിയൻ വിഭവങ്ങൾ നൽകുന്നു. ബിരിയാണി പ്രിയർക്ക് സഫയറും സാധാരണക്കാരുടെ ആശ്രയമായി ഇന്ത്യൻ കോഫി ഹൗസും നഗരമധ്യത്തിലുണ്ട്.

പൂരക്കാഴ്ചകൾ ബാൽക്കണിയിൽ ഇരുന്നു കാണണമെന്നുള്ളവർക്ക് നടുവിലാലിലെ വനിതാ ഫുഡ് കോർട്ട് മികച്ച ഇടമാണ്. പൂരം കാണാൻ എത്തുന്നവർക്ക് തൃശൂരിന്റെ മറ്റ് കാഴ്ചകൾ കൂടി ആസ്വദിക്കാം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആധുനിക മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്ക് നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്.

ചരിത്രം ഇഷ്ടപ്പെടുന്നവർക്ക് ശക്തൻ തമ്പുരാൻ കൊട്ടാരവും നഗരത്തിന്റെ പനോരമിക് കാഴ്ച ആഗ്രഹിക്കുന്നവർക്ക് പുത്തൻപള്ളിയോട് ചേർന്നുള്ള ബൈബിൾ ടവറും സന്ദർശിക്കാം. സായന്തനങ്ങൾ ചിലവഴിക്കാൻ വിലങ്ങൻ കുന്നും പീച്ചി ഡാമും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

പൂരനാളുകളിൽ നഗരത്തിൽ വൻ തിരക്ക് അനുഭവപ്പെടുമെന്നതിനാൽ താമസ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം. ജനത്തിരക്കിനിടയിലും പൂരത്തിന്റെ ഓരോ ചടങ്ങുകളും കൃത്യമായി മനസ്സിലാക്കി യാത്ര പ്ലാൻ ചെയ്താൽ 36 മണിക്കൂർ നീളുന്ന ഈ വിസ്മയ കാഴ്ച ആവോളം ആസ്വദിക്കാനാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354206/know-about-the-travel-feast-prepared-in-thrissur-for-pooram-lovers)