---
title: "ചെമ്മീൻ ഉണ്ടോ? എങ്കിൽ ഉണ്ടാക്കാം ഈ കിടിലൻ അച്ചാർ; തയ്യാറാക്കുന്ന വിധം ഇതാ"
english_title: "How to prepare shrimp pickle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354186/how-to-prepare-shrimp-pickle"
published_at: "2026-04-19T13:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e487c3d201a_11.jpg"
keywords: []
---

# ചെമ്മീൻ ഉണ്ടോ? എങ്കിൽ ഉണ്ടാക്കാം ഈ കിടിലൻ അച്ചാർ; തയ്യാറാക്കുന്ന വിധം ഇതാ

> **Lead Summary:** നല്ല രുചിയിൽ നാടൻ ചെമ്മീൻ അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. മാസങ്ങളോളം കേടുകൂടാതെ ഇരിക്കാൻ ഈ രീതി പിന്തുടരുന്നത് നന്നായിരിക്കും.

## Article Content

നല്ല രുചിയിൽ നാടൻ ചെമ്മീൻ അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. മാസങ്ങളോളം കേടുകൂടാതെ ഇരിക്കാൻ ഈ രീതി പിന്തുടരുന്നത് നന്നായിരിക്കും.

**ആവശ്യമായ ചേരുവകൾ**

*ചെമ്മീൻ: 500 ഗ്രാം*

*ഇഞ്ചി: 2 വലിയ കഷ്ണം *

*വെളുത്തുള്ളി: 2 മുഴുവൻ*

*പച്ചമുളക്: 5-6 എണ്ണം*

*കറിവേപ്പില: 3-4 തണ്ട്*

*മുളകുപൊടി: 3 ടേബിൾ സ്പൂൺ *

*മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ*

*ഉലുവപ്പൊടി: അര ടീസ്പൂൺ*

*കായപ്പൊടി: അര ടീസ്പൂൺ*

*വിനാഗിരി: കാൽ കപ്പ്*

*നല്ലെണ്ണ (എള്ളെണ്ണ): *

*ഉപ്പ്: പാകത്തിന്*

**തയ്യാറാക്കുന്ന വിധം**

ചെമ്മീൻ വൃത്തിയാക്കിയ ശേഷം അതിൽ അല്പം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂർ വെക്കുക. ഇതിനുശേഷം ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചെമ്മീൻ നന്നായി വറുത്തെടുക്കുക.

അച്ചാറിന് ആയതുകൊണ്ട് ചെമ്മീൻ അല്പം മൊരിഞ്ഞു വരുന്നത് നല്ലതാണ്. വറുത്ത ചെമ്മീൻ ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ചെമ്മീൻ വറുത്ത അതേ എണ്ണയിൽ തന്നെ (ആവശ്യമെങ്കിൽ കൂടുതൽ നല്ലെണ്ണ ഒഴിക്കാം) കടുക് പൊട്ടിക്കുക.

അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇവയുടെ പച്ചമണം മാറി ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റണം.

തീ കുറച്ചു വെച്ച ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. പൊടികൾ കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത് ചെറിയ തീയിൽ ഒന്ന് തിളപ്പിക്കുക. അച്ചാർ അല്പം ലൂസ് ആയി വേണമെന്നുള്ളവർക്ക് ലേശം തിളപ്പിച്ചാറിയ വെള്ളം ചേർക്കാവുന്നതാണ്. എണ്ണ മുകളിൽ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം.

**ശ്രദ്ധിക്കാൻ: **അച്ചാർ നന്നായി തണുത്ത ശേഷം മാത്രം കുപ്പിയിലാക്കുക. ഈർപ്പമില്ലാത്ത ഗ്ലാസ് ജാറുകളിൽ സൂക്ഷിച്ചാൽ ദീർഘകാലം ഉപയോഗിക്കാം. വിളമ്പുന്നതിന് 2-3 ദിവസം മുൻപ് തയ്യാറാക്കി വെച്ചാൽ ചെമ്മീനിൽ മസാല പിടിച്ചു കൂടുതൽ രുചി ലഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354186/how-to-prepare-shrimp-pickle)