---
title: "ഒന്നാം ക്ലാസ് പ്രവേശനം: പ്രായപരിധിയിൽ ഇളവുമായി സിബിഎസ്ഇ; ആറ് വയസ്സ് തികയാത്തവർക്കും ചേരാം"
english_title: "Children under the age of six can also attend first grade."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354185/children-under-the-age-of-six-can-also-attend-first-grade"
published_at: "2026-04-19T13:06:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4863c60fde_10.jpg"
keywords: []
---

# ഒന്നാം ക്ലാസ് പ്രവേശനം: പ്രായപരിധിയിൽ ഇളവുമായി സിബിഎസ്ഇ; ആറ് വയസ്സ് തികയാത്തവർക്കും ചേരാം

> **Lead Summary:** **[** ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയതിനെത്തുടർന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി സിബിഎസ്ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു.

## Article Content

**[** ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയതിനെത്തുടർന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി സിബിഎസ്ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു.

ആറ് വയസ്സ് തികയാൻ മൂന്ന് മാസം കൂടി ബാക്കിയുള്ള കുട്ടികൾക്കും ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നൽകാമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രവേശന രീതിയിലുള്ള വ്യത്യസ്ത മാനദണ്ഡങ്ങൾ കാരണം രക്ഷിതാക്കളും സ്കൂൾ മാനേജ്‌മെന്റുകളും നേരിട്ടിരുന്ന ആശങ്കകൾക്ക് ഇതോടെ താൽക്കാലിക ശമനമാകും.

കൊച്ചിയിൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള (CCSK) സംഘടിപ്പിച്ച പ്രിൻസിപ്പൽമാരുടെയും മാനേജ്‌മെന്റുകളുടെയും യോഗത്തിലാണ് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്.

വിദ്യാഭ്യാസ അവകാശ നിയമവും ദേശീയ വിദ്യാഭ്യാസ നയവും അനുസരിച്ച് അടിസ്ഥാന പ്രായം ആറ് വയസ്സ് തന്നെയാണെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ചാണ് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ എഴുതുന്നതിന് വിദ്യാർത്ഥികൾക്ക് പ്രത്യേക ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾ നിലവിൽ പിന്തുടരുന്ന പ്രവേശന മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും പ്രായപരിധി സംബന്ധിച്ച അന്തിമമായ ക്രമീകരണങ്ങൾ നടപ്പിലാക്കുക.

പ്രായം കുറവായതിന്റെ പേരിൽ കുട്ടികൾക്ക് ഒരു അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാൻ പുതിയ തീരുമാനം സഹായകമാകും. അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദിയും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354185/children-under-the-age-of-six-can-also-attend-first-grade)