---
title: "നാവിൽ കപ്പലോടിക്കും നാടൻ കലത്തപ്പം; വീട്ടിലുള്ള ചേരുവകൾ കൊണ്ട് കുക്കറിൽ തയ്യാറാക്കാം"
english_title: "kalathappam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354184/kalathappam"
published_at: "2026-04-19T12:49:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4825fd5ca5_kalathappam.jpg"
keywords: []
---

# നാവിൽ കപ്പലോടിക്കും നാടൻ കലത്തപ്പം; വീട്ടിലുള്ള ചേരുവകൾ കൊണ്ട് കുക്കറിൽ തയ്യാറാക്കാം

> **Lead Summary:** കുക്കറിൽ വിസിൽ അടിക്കാതെ ഒരു കലത്തപ്പം! കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ? എണ്ണയിൽ വറുത്ത ഉള്ളിയുടെയും തേങ്ങാക്കൊത്തിന്റെയും മണവും ശർക്കരയുടെ മധുരവും ചേരുമ്പോൾ ഈ കലത്തപ്പം വേറെ ലെവലാണ്. പെർഫെക്ട് കലത്തപ്പം ഉണ്ടാക്കാൻ പഠിച്ചാലോ?

## Article Content

കുക്കറിൽ വിസിൽ അടിക്കാതെ ഒരു കലത്തപ്പം! കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ? എണ്ണയിൽ വറുത്ത ഉള്ളിയുടെയും തേങ്ങാക്കൊത്തിന്റെയും മണവും ശർക്കരയുടെ മധുരവും ചേരുമ്പോൾ ഈ കലത്തപ്പം വേറെ ലെവലാണ്. പെർഫെക്ട് കലത്തപ്പം ഉണ്ടാക്കാൻ പഠിച്ചാലോ?

**ആവശ്യമായ ചേരുവകൾ**

അരി: 1 കപ്പ് (കൈമ/ജീരകശാല അരിയാണ് ഏറ്റവും നല്ലത്. പച്ചരിയും ഉപയോഗിക്കാം)

ശർക്കര: 250 - 300 ഗ്രാം

ഏലയ്ക്ക: 1 എണ്ണം

ജീരകം: ഒരു നുള്ള്

ചോറ്: 1 ടേബിൾ സ്പൂൺ

ചുമന്ന ഉള്ളി: 3 എണ്ണം (അരിഞ്ഞത്)

തേങ്ങാക്കൊത്ത്: 2 ടേബിൾ സ്പൂൺ

ഉപ്പ്: ഒരു നുള്ള്

വെള്ളം: ഒന്നര കപ്പ്

വെളിച്ചെണ്ണ: 4 ടേബിൾ സ്പൂൺ

ബേക്കിംഗ് സോഡ: 2 നുള്ള്

**തയ്യാറാക്കുന്ന വിധം**

അരി നന്നായി കഴുകി കുറഞ്ഞത് 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. അതിനുശേഷം വെള്ളം പൂർണ്ണമായും വാർത്തെടുക്കുക.

മിക്സിയുടെ ജാറിലേക്ക് കുതിർത്ത അരി, ചോറ്, ജീരകം, ഏലയ്ക്ക (അകത്തെ കുരു മാത്രം) എന്നിവ അരക്കപ്പ് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക. ശേഷം അരക്കപ്പ് വെള്ളം കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. (ആദ്യം കുറച്ച് വെള്ളം ചേർത്ത് അരച്ചാൽ മാത്രമേ മാവ് നല്ല നൈസ് ആയി കിട്ടുകയുള്ളൂ).

ഒരു പാനിൽ ശർക്കരയും അരക്കപ്പ് വെള്ളവും ചേർത്ത് മീഡിയം ഫ്ലെയിമിൽ ഉരുക്കിയെടുക്കുക. ശേഷം ഇത് അരിച്ചെടുക്കുക.

ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും തേങ്ങാക്കൊത്തും ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക. വറുത്ത എണ്ണ കളയരുത്, ഇത് പിന്നീട് ആവശ്യമുണ്ട്.

അരച്ചു വെച്ചിരിക്കുന്ന മാവിലേക്ക് ചൂടുള്ള ശർക്കരപ്പാനി കുറേശ്ശെയായി ഒഴിച്ച് ഇളക്കുക. കട്ട കെട്ടാതിരിക്കാൻ ഒരു കൈകൊണ്ട് ഒഴിക്കുമ്പോൾ മറുകൈകൊണ്ട് ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് നന്നായി യോജിപ്പിക്കുക. (മാവ് നല്ല ലൂസ് ആയിരിക്കണം).

ഒരു 5 ലിറ്റർ കുക്കർ അടുപ്പത്തുവെച്ച് ഹൈ ഫ്ലെയിമിൽ ചൂടാക്കുക. വറുക്കാൻ ഉപയോഗിച്ച എണ്ണയും ബാക്കിയുള്ള 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കുക്കറിലേക്ക് ഒഴിക്കുക. എണ്ണ കുക്കറിന്റെ വശങ്ങളിലെല്ലാം എത്തുന്ന രീതിയിൽ ചുറ്റിക്കുക.

എണ്ണ നന്നായി ചൂടായി പുക വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കുക്കറിലേക്ക് ഒഴിക്കുക. ഇതിനു മുകളിൽ വറുത്തു വെച്ചിരിക്കുന്ന ഉള്ളിയും തേങ്ങാക്കൊത്തും വിതറാം.

കുക്കർ അടച്ചു വെക്കുക, വെയിറ്റ് (വിസിൽ) ഇടാൻ പാടില്ല.

ആദ്യത്തെ ഒന്നര മിനിറ്റ് തീ കൂട്ടി വെക്കുക.

അതിനുശേഷം കൃത്യം 15 മിനിറ്റ് തീ ഏറ്റവും കുറച്ച് വേവിക്കുക.

15 മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത് കുക്കർ തണുക്കാൻ അനുവദിക്കുക. ഒരു 15 മിനിറ്റ് കഴിഞ്ഞ് കുക്കർ തുറക്കാം.

ഒരു ഈർക്കിലിയോ ഫോർക്കോ ഉപയോഗിച്ച് കലത്തപ്പത്തിന്റെ നടുഭാഗം കുത്തി നോക്കുക. മാവ് ഒട്ടിപ്പിടിക്കുന്നില്ലെങ്കിൽ കലത്തപ്പം റെഡി!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354184/kalathappam)