---
title: "വയോധികന്റെ മരണം: സ്വത്ത് സഹോദരന്റെ പേരിലാക്കിയതിൽ ദുരൂഹത; സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്"
english_title: "Death of an elderly man: Mystery over property being transferred to brother's name; Order to exhume cremated body"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354172/death-of-an-elderly-man-mystery-over-property-being-transferred-to-brothers-name-order-to-exhume-cremated-body"
published_at: "2026-04-19T11:32:00+05:30"
category: "Alappuzha"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4706c56eb7_reter.jpg"
keywords: []
---

# വയോധികന്റെ മരണം: സ്വത്ത് സഹോദരന്റെ പേരിലാക്കിയതിൽ ദുരൂഹത; സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്

> **Lead Summary:** ചെങ്ങന്നൂർ:**[ **വയോധികന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ സ്വദേശി പുലിയൂർ വാർഡ് ഒന്നിൽ പടിഞ്ഞാറേ പറമ്പിൽ പുത്തൻ വീട്ടിൽ യേശുദാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പുറത്തെടുക്കും. ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയാണ് മൃതദേഹം പുറത്തെടുക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ മാർച്ച് 20-നാണ് യേശുദാസ് അന്തരിച്ചത്. 

## Article Content

ചെങ്ങന്നൂർ:**[ **വയോധികന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ സ്വദേശി പുലിയൂർ വാർഡ് ഒന്നിൽ പടിഞ്ഞാറേ പറമ്പിൽ പുത്തൻ വീട്ടിൽ യേശുദാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പുറത്തെടുക്കും. ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയാണ് മൃതദേഹം പുറത്തെടുക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ മാർച്ച് 20-നാണ് യേശുദാസ് അന്തരിച്ചത്. 

മാർച്ച് 24 ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിലാണ് യേശുദാസിൻ്റെ മൃതദേഹം സംസ്കരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് മരുമകൾ ലീന ബിൻസ് നൽകിയ പരാതിയെത്തുടർന്നാണ് ഇപ്പോൾ കോടതിയുടെ നടപടി. യേശുദാസിന്റെ പേരിലുണ്ടായിരുന്ന വലിയ തുകയുടെ ബാങ്ക് ബാലൻസും വസ്തുവകകളും സഹോദരനായ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായും, ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. യേശുദാസിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നും എന്നിട്ടും പോസ്റ്റ്‌മോർട്ടം നടപടികൾ കൂടാതെയാണ് സംസ്കാരം നടന്നതെന്നും പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അയൽവാസികളും യേശുദാസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതേത്തുടർന്ന് ഏപ്രിൽ 1-ന് ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണകാരണം വ്യക്തമാക്കുന്നതിന് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഷാജു എം. എസ് ഉത്തരവിൽ വ്യക്തമാക്കി. ഏപ്രിൽ 21-ന് (ചൊവ്വാഴ്ച) രാവിലെ 10:30-ന് പുലിയൂർ പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുക്കും. ചെങ്ങന്നൂർ തഹസിൽദാരുടെയും (എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്), രണ്ട് പോലീസ് സർജന്മാരുടെയും സാന്നിധ്യത്തിലായിരിക്കണം നടപടികൾ പൂർത്തിയാക്കേണ്ടതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കുന്ന നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354172/death-of-an-elderly-man-mystery-over-property-being-transferred-to-brothers-name-order-to-exhume-cremated-body)