---
title: "ചെന്നൈയെ വീഴ്ത്തി ഹൈദരാബാദ്; പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറ്റം"
english_title: "Hyderabad defeat Chennai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354139/hyderabad-defeat-chennai"
published_at: "2026-04-19T09:25:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e452ca674c9_1.jpg"
keywords: []
---

# ചെന്നൈയെ വീഴ്ത്തി ഹൈദരാബാദ്; പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറ്റം

> **Lead Summary:** **ഹൈദരാബാദ്: [** ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പത്ത് റൺസിന്റെ ആവേശജയം സ്വന്തമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചു.

## Article Content

**ഹൈദരാബാദ്: [** ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പത്ത് റൺസിന്റെ ആവേശജയം സ്വന്തമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചു.

ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റോടെയാണ് ഹൈദരാബാദിന്റെ ഈ മുന്നേറ്റം. അതേസമയം, സീസണിലെ നാലാം തോൽവി വഴങ്ങിയ ചെന്നൈ നിലവിൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയ ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, തോറ്റെങ്കിലും റൺറേറ്റിന്റെ കരുത്തിൽ ആർസിബി പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. പഞ്ചാബ് ഒന്നാമതും രാജസ്ഥാൻ റോയൽസ് മൂന്നാമതുമാണ്.

റൺവേട്ടക്കാരുടെ പോരാട്ടത്തിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ചെന്നൈക്കെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹെൻറിച്ച് ക്ലാസൻ 283 റൺസുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കി.

ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ (251) ആണ് ക്ലാസന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. വിരാട് കോലി, രജത് പാട്ടീദാർ, ഇഷാൻ കിഷൻ തുടങ്ങിയവർ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം മലയാളി താരം സഞ്ജു സാംസൺ 192 റൺസുമായി പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചെന്നൈയുടെ യുവതാരം ആയുഷ് മാത്രെ മികച്ച ബാറ്റിംഗിലൂടെ സഞ്ജുവിനെ മറികടന്ന് മുന്നിലെത്തി. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ യശസ്വി ജയ്സ്വാൾ, അംഗ്രിഷ് രഘുവംശി എന്നിവർക്ക് സഞ്ജുവിനെ പിന്നിലാക്കാൻ അവസരമുണ്ട്.

വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ചെന്നൈ പേസർ അൻഷുൽ കാംബോജാണ് ഇപ്പോൾ ഒന്നാമത്. ഹൈദരാബാദിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ 13 വിക്കറ്റുകളുമായാണ് കാംബോജ് തലപ്പത്തെത്തിയത്.

പ്രസിദ്ധ് കൃഷ്ണ (11), ഭുവനേശ്വർ കുമാർ (10) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആദ്യ പത്തിൽ രവി ബിഷ്ണോയ്, ലുങ്കി എന്‍ഗിഡി തുടങ്ങിയ പ്രമുഖരും വിക്കറ്റ് വേട്ടയിൽ സജീവമായി തുടരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354139/hyderabad-defeat-chennai)