---
title: "നവജാതശിശുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ"
english_title: "Newborn baby found dead inside house; body hidden under bed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354136/newborn-baby-found-dead-inside-house-body-hidden-under-bed"
published_at: "2026-04-19T09:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e44ed45ac69_Newborn_baby_found_dead_inside_house.jpg"
keywords: []
---

# നവജാതശിശുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ

> **Lead Summary:** കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ നവജാത ശിശുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്. വീട്ടിൽ പ്രസവം നടന്നതിന് പിന്നാലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ നവജാത ശിശുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്. വീട്ടിൽ പ്രസവം നടന്നതിന് പിന്നാലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമിത രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പ്രസവവിവരം പുറംലോകം അറിഞ്ഞത്.ഞായറാഴ്ച പുലർച്ചെ അമിത രക്തസ്രാവത്തെത്തുടർന്നാണ് യുവതിയെ ബന്ധുക്കൾ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. യുവതിയെ പരിശോധിച്ച ഡോക്ടർമാർ ഇവർ പ്രസവിച്ചതായി സ്ഥിരീകരിച്ചു.

എന്നാൽ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.

സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. യുവതി ഗർഭിണിയായിരുന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പോലീസ് മൊഴിയെടുക്കും.

കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354136/newborn-baby-found-dead-inside-house-body-hidden-under-bed)