---
title: "എന്നാലും നിങ്ങളെവിടെ? കുംഭമേള താരത്തിനായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു; മധ്യപ്രദേശ് പോലീസ് മടങ്ങി"
english_title: "Kumbh Mela star's wedding, search temporarily halted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354132/kumbh-mela-stars-wedding-search-temporarily-halted"
published_at: "2026-04-19T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4499128dd7_mrg.jpg"
keywords: []
---

# എന്നാലും നിങ്ങളെവിടെ? കുംഭമേള താരത്തിനായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു; മധ്യപ്രദേശ് പോലീസ് മടങ്ങി

> **Lead Summary:** **കൊച്ചി: ** കുംഭമേള താരത്തെ കണ്ടെത്താനുള്ള അന്വേഷണം മധ്യപ്രദേശ് പോലീസ് തത്കാലത്തേക്ക് അവസാനിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ മധ്യപ്രദേശ് പോലീസ് സംഘം മടങ്ങിയതായാണ് വിവരം. പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് തിരച്ചിലുമായി വനിതാ എസ്.ഐ. അടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്.

## Article Content

**കൊച്ചി: ** കുംഭമേള താരത്തെ കണ്ടെത്താനുള്ള അന്വേഷണം മധ്യപ്രദേശ് പോലീസ് തത്കാലത്തേക്ക് അവസാനിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ മധ്യപ്രദേശ് പോലീസ് സംഘം മടങ്ങിയതായാണ് വിവരം. പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് തിരച്ചിലുമായി വനിതാ എസ്.ഐ. അടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്.

തൃക്കാക്കരയിലും കാക്കനാടും പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാക്കനാട് എൻ.ജി.ഒ. ക്വാട്ടേഴ്‌സ് ജങ്ഷന് സമീപത്തെ ഫ്‌ളാറ്റിലും പരിസരപ്രദേശത്തുമടക്കം പരിശോധന നടത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ഫർമാൻഖാനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മധ്യപ്രദേശ് പോലീസ് തത്കാലത്തേക്ക് പിൻവാങ്ങിയത്.

താരത്തിനെ വിവാഹം ചെയ്ത ഫർമാൻഖാന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം സിറ്റി പോലീസ് കമ്മിഷണർ മധ്യപ്രദേശ് പോലീസിനെ അറിയിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കേസിൽ മേയ് 20 വരെ ഫർമാൻഖാന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പും കൈമാറി. ഹൈക്കോടതിയുടെ തുടർനടപടികൾ പരിശോധിച്ച ശേഷമായിരിക്കും സംഘത്തിന്റെ അടുത്ത നീക്കം.

കൊച്ചി സിറ്റി പോലീസിൽ നിന്നു കാര്യമായ സഹകരണം മധ്യപ്രദേശ് പോലീസിന് ലഭിച്ചിട്ടില്ല. എങ്കിലും പെൺകുട്ടിയുടെ മൊഴിയും വിവാഹം നടത്താൻ സഹായിച്ചതായി കരുതുന്നയാളുടെ മൊഴിയും ഫോണിലൂടെ രേഖപ്പെടുത്തിയതായാണ് വിവരം. എന്നാൽ, കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന നിലപാടിലാണ് കൊച്ചി സിറ്റി പോലീസ്. മധ്യപ്രദേശ് പോലീസ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാൻ എത്തിയതാണെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടിയും ഭർത്താവും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354132/kumbh-mela-stars-wedding-search-temporarily-halted)