---
title: "ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ്; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം"
english_title: "Indian ships fired at in Hormuz Ministry of External Affairs lodges protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354108/indian-ships-fired-at-in-hormuz-ministry-of-external-affairs-lodges-protest"
published_at: "2026-04-18T20:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3978f4cecb_iran_attack.jpg"
keywords: []
---

# ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ്; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം

> **Lead Summary:** ന്യൂഡല്‍ഹി: ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്. ഒമാന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ തിരിച്ച് വിട്ടു. ജീവനക്കാര്‍ സുരക്ഷിതരാണ്. ഹോർമുസിൽനിന്ന് രണ്ട് ഇന്ത്യൻ കപ്പലുകളെ തിരിച്ചുവിട്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് കപ്പലിനുനേരെ വെടിവയ്പുണ്ടായെന്ന വാർത്ത വന്നത്.

## Article Content

ന്യൂഡല്‍ഹി: ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്. ഒമാന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ തിരിച്ച് വിട്ടു. ജീവനക്കാര്‍ സുരക്ഷിതരാണ്. ഹോർമുസിൽനിന്ന് രണ്ട് ഇന്ത്യൻ കപ്പലുകളെ തിരിച്ചുവിട്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് കപ്പലിനുനേരെ വെടിവയ്പുണ്ടായെന്ന വാർത്ത വന്നത്.

20 ലക്ഷം ബാരല്‍ എണ്ണയുമായി ഹോര്‍മുസ് കടക്കുകയായിരുന്ന ജാഗ് അര്‍ണവ് എന്ന കപ്പലിന് നേരെയാണ് ഒമാന്റെ വടക്കന്‍ തീരത്തുവെച്ച് ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്. സംഭവത്തിന് പിന്നാലെ വിദേശകാര്യമന്ത്രാലയം ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് ഫത്താലിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.

അതേസമയം, നാവിക ഉപരോധം തുടരുന്നമെന്ന് യുഎസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. ഇക്കാര്യം ഇറാന്‍ സേന സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കടലിടുക്ക് പൂര്‍ണമായും തുറന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഹോര്‍മൂസ് കടലിടുക്ക് പത്തുദിവസത്തേക്ക് തുറക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിലപാടാണ് കാര്യങ്ങള്‍ മാറിമറിയാന്‍ കാരണം.

യുഎസ് നാവിക ഉപരോധം ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേല്‍ തുടരുകയാണെങ്കില്‍ ഹോര്‍മുസ് അടയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് മുമ്പ് പറഞ്ഞിരുന്നു. ഹോര്‍മുസ് അടയ്ക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചതും ഖാലിബാഫാണ്.

കടലിടുക്ക് തുറന്ന് പന്ത്രണ്ട് മണിക്കൂറിനുള്ളിലാണ് അടയ്ക്കാനുള്ള തീരുമാനം. എണ്ണവില വളരെ താഴ്ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ആഗോള തലത്തില്‍ ആശങ്ക ഉയര്‍ത്തി ഇറാന്റെ തീരുമാനം. സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റ ഉദ്ധരിച്ച് ഇറാനിയന്‍ സ്റ്റേറ്റ് ടിവിയും ഹോര്‍മൂസിന്റെ നിയന്ത്രണം പഴയപടിയായി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സേനയുടെ ശക്തമായ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാകും ഹോര്‍മുസ് എന്നും സ്‌റ്റേറ്റ് ടിവി അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354108/indian-ships-fired-at-in-hormuz-ministry-of-external-affairs-lodges-protest)