---
title: "നാലുമണി ചായക്കൊപ്പം കൊറിക്കാൻ നല്ല നാടൻ കടല മിഠായി; തയാറാക്കാം വെറും മിനിറ്റുകൾക്കുള്ളിൽ"
english_title: "peanut candy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354061/peanut-candy"
published_at: "2026-04-18T15:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e353a297e74_peanut_candy.jpg"
keywords: []
---

# നാലുമണി ചായക്കൊപ്പം കൊറിക്കാൻ നല്ല നാടൻ കടല മിഠായി; തയാറാക്കാം വെറും മിനിറ്റുകൾക്കുള്ളിൽ

> **Lead Summary:** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് കടല മിഠായി. കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ ഒരു റെസിപ്പി ഇതാ...

## Article Content

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് കടല മിഠായി. കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ ഒരു റെസിപ്പി ഇതാ...

**ആവശ്യമായ ചേരുവകൾ**

നിലക്കടല – 300 ഗ്രാം (ഏകദേശം 2 കപ്പ്)

ശർക്കര – 250 ഗ്രാം (ഏകദേശം കപ്പ്)

ഉപ്പ് – ഒരു നുള്ള്വെള്ളം – 4 ടേബിൾ സ്പൂൺ

**തയാറാക്കുന്ന വിധം**

 മിഠായി പരത്തി വെക്കാനായി ഒരു ട്രേയിലോ പ്ലേറ്റിലോ അല്പം നെയ്യ് പുരട്ടി വയ്ക്കുക (ബട്ടർ പേപ്പർ ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യം).

നിലക്കടല നന്നായി വറുത്തെടുക്കുക. വറുത്ത ശേഷം ഇത് പൂർണ്ണമായും തണുക്കാൻ അനുവദിക്കണം. കടല നല്ല മൊരിഞ്ഞ പാകത്തിലാണെങ്കിൽ മാത്രമേ മിഠായിക്ക് ശരിയായ രുചിയും ക്രിസ്പിനെസ്സും ലഭിക്കൂ.

ശർക്കര ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ 4 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കുറഞ്ഞ തീയിൽ ശർക്കര ഉരുക്കിയെടുക്കുക.

 ഉരുകിയ ശർക്കരപ്പാനി അരിച്ചെടുത്ത് ഒരു ചീനച്ചട്ടിയിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക.

 ശർക്കരപ്പാനി ചെറിയ തീയിൽ നന്നായി തിളപ്പിക്കുക. കുമിളകൾ വന്നു തുടങ്ങുമ്പോൾ പാകം പരിശോധിക്കണം. ഇതിനായി ഒരു പാത്രത്തിൽ അല്പം തണുത്ത വെള്ളം എടുത്തു വയ്ക്കുക. അതിലേക്ക് അല്പം പാനി ഒഴിച്ചു നോക്കുക. കൈകൊണ്ട് ഉരുട്ടിയെടുക്കാൻ പാകത്തിൽ മൃദുവായ പന്ത് (Soft Ball) പോലെ കിട്ടുന്നുണ്ടെങ്കിൽ പാകം ശരിയായി എന്ന് ഉറപ്പിക്കാം.

 ഈ സമയം ഉടൻ തന്നെ തീ അണയ്ക്കുക (സ്വാദിനായി വേണമെങ്കിൽ അല്പം ഏലയ്ക്ക പൊടിച്ചതോ നെയ്യോ ചേർക്കാം). വറുത്തു വെച്ചിരിക്കുന്ന നിലക്കടല ശർക്കരപ്പാനിയിലേക്ക് ചേർത്ത് 30 സെക്കൻഡ് നന്നായി ഇളക്കി യോജിപ്പിക്കുക.

 തയ്യാറാക്കിയ മിശ്രിതം ഉടൻ തന്നെ നെയ്യ് പുരട്ടിയ ട്രേയിലേക്ക് മാറ്റുക. ഒരു സ്റ്റീൽ പാത്രത്തിന്റെ അടിഭാഗത്തോ തവിയോ ഉപയോഗിച്ച് മിഠായി അമർത്തി നിരപ്പാക്കുക. മുകളിൽ ഒരു ബട്ടർ പേപ്പർ വെച്ച് അമർത്തുന്നത് കൂടുതൽ എളുപ്പമായിരിക്കും.

മിഠായി നന്നായി തണുത്ത ശേഷം ഇഷ്ടമുള്ള വലുപ്പത്തിൽ കഷ്ണങ്ങളായി മുറിച്ചെടുക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354061/peanut-candy)