---
title: "അമ്മയെ കാണാനുള്ള യാത്ര അവസാന യാത്രയായി; താനെയിൽ കണ്ടെയ്‌നർ ട്രക്ക് ബൈക്കിലിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: "Newlyweds die after container truck hits bike in Thane"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354049/newlyweds-die-after-container-truck-hits-bike-in-thane"
published_at: "2026-04-18T14:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e34aeebe9e7_Newlyweds_die_after_container_truck_hits_bike_in_Thane.jpg"
keywords: []
---

# അമ്മയെ കാണാനുള്ള യാത്ര അവസാന യാത്രയായി; താനെയിൽ കണ്ടെയ്‌നർ ട്രക്ക് ബൈക്കിലിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** താനെ: മഹാരാഷ്ട്രയിലെ താനെയിൽ മുംബൈ-നാസിക് ഹൈവേയിൽ കണ്ടെയ്‌നർ ട്രക്ക് ബൈക്കിലിടിച്ച് നവദമ്പതികൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ 7.25-ഓടെ കൽവയിലെ ഖാദി പാലത്തിലാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ദമ്പതികൾക്ക് ജീവൻ നഷ്ടപ്പെട്ടു.

## Article Content

താനെ: മഹാരാഷ്ട്രയിലെ താനെയിൽ മുംബൈ-നാസിക് ഹൈവേയിൽ കണ്ടെയ്‌നർ ട്രക്ക് ബൈക്കിലിടിച്ച് നവദമ്പതികൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ 7.25-ഓടെ കൽവയിലെ ഖാദി പാലത്തിലാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ദമ്പതികൾക്ക് ജീവൻ നഷ്ടപ്പെട്ടു.

സ്വകാര്യ ബാങ്ക് ജീവനക്കാരായ നവദമ്പതികൾ ഡോംബിവ്‌ലിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിത വേ​ഗതയിലെത്തിയ കണ്ടെയ്‌നർ ട്രക്ക് ദമ്പതികളുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

മരിച്ചവരുടെ പേരുവിവരങ്ങൾ വ്യക്തമല്ല. ഡോംബിവ്‌ലിയിലെ ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ അമ്മയെ കാണാൻ പോയ നവദമ്പതികളാണ് മരിച്ചതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. ദമ്പതികൾ ഭാണ്ഡൂപ്പിലാണ് താമസിച്ചിരുന്നത്. യുവാവ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അന്ധേരി ബ്രാഞ്ചിലും യുവതി ആക്സിസ് ബാങ്കിന്റെ കലിന ബ്രാഞ്ചിലുമാണ് ജോലി ചെയ്തിരുന്നതെന്നാണ് വിവരം.

ട്രക്ക് ഡ്രൈവർ ശിവ് ബഹാദൂറിനെ വഴിയാത്രക്കാർ സംഭവസ്ഥലത്ത് പിടികൂടി കൽവ പൊലീസിന് കൈമാറി. ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഡിസിപി (ട്രാഫിക്) പങ്കജ് ഷിർസാത് പറഞ്ഞു. പൊലീസ് സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി. ടോൾ പ്ലാസ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം പുരോ​ഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354049/newlyweds-die-after-container-truck-hits-bike-in-thane)