---
title: "വാല്‍പ്പാറ അപകടം: പാങ്ങ് സ്കൂളിലെ കുട്ടികൾക്ക് കൗൺസിലിങ് സൗകര്യം ഒരുക്കും -  മന്ത്രി വി. ശിവൻകുട്ടി"
english_title: "Valparai accident: Minister VSivankutty says counseling facilities will be provided for children at Pang School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353990/valparai-accident-minister-vsivankutty-says-counseling-facilities-will-be-provided-for-children-at-pang-school-new"
published_at: "2026-04-18T11:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e31b1754406_shivankutty_.jpg"
keywords: []
---

# വാല്‍പ്പാറ അപകടം: പാങ്ങ് സ്കൂളിലെ കുട്ടികൾക്ക് കൗൺസിലിങ് സൗകര്യം ഒരുക്കും -  മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** **മലപ്പുറം: **വിനോദയാത്രയ്ക്കിടെ വാൽപ്പാറയിലുണ്ടായ അപകടത്തിൽ പ്രിയപ്പെട്ട അധ്യാപകരെ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഉൾപ്പെടെയുള്ള മാനസിക പിന്തുണ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അമ്പലപ്പറമ്പ് ഗവ. സ്കൂളിലെത്തി മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മലപ്പുറം: **വിനോദയാത്രയ്ക്കിടെ വാൽപ്പാറയിലുണ്ടായ അപകടത്തിൽ പ്രിയപ്പെട്ട അധ്യാപകരെ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഉൾപ്പെടെയുള്ള മാനസിക പിന്തുണ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അമ്പലപ്പറമ്പ് ഗവ. സ്കൂളിലെത്തി മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളിലെ ഒരു അധ്യാപകൻ ഒഴികെ മറ്റെല്ലാവരും അപകടത്തിൽ മരിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ആവശ്യമായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കും. എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പരമാവധി സഹായം നൽകും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അമ്പലപ്പറമ്പ് സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. വെള്ളിയാഴ്ച രാവിലെയാണ് സംഘം വിനോദയാത്രക്കായി പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽനിന്ന് പുറപ്പെട്ടത്. തിരിച്ചുവരുമ്പോഴാണ് ദുരന്തത്തിന് ഇരയായത്. അപ്രതീക്ഷിത സംഭവം നാടിനും മരിച്ചവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിദ്യാർഥികൾക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. തങ്ങളുടെ പ്രധാനധ്യാപകനടക്കം പ്രിയഗുരുക്കൻമാരെ നഷ്ടപ്പെട്ടത് വിദ്യാർഥികൾക്ക് തീരാവേദനയായി.

പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയും കൊളത്തൂർ പാലൂർ സ്വദേശിയുമായ ഗീത നിവാസിൽ പി. അജിത (55), ഈ സ്കൂളിലെ അധ്യാപകരായ പാങ്ങ് താണിക്കോട് മാഞ്ഞാംപള്ളി മമ്മദുവിന്‍റെ ഭാര്യ റംല (52), ഈസ്റ്റ് പാങ്ങ് ആലുങ്ങൽ കുഞ്ഞുമുഹമ്മദിന്‍റെ ഭാര്യ സുഹ്റ (43), കൊളത്തൂർ കറുപ്പത്താലിലെ ആശ (41), സ്കൂളിലെ പാചകത്തൊഴിലാളി പള്ളിപ്പറമ്പ് കളത്തിങ്ങൽതൊടി സാജിത (45), പാങ്ങ് ജി.യു.പി.എസിലെ അധ്യാപിക കടന്നാമുട്ടി വളഞ്ഞിപ്പുലാൻ ഷക്കീല (37), സുഹ്റയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

നാലു പേർ പരിക്കേറ്റ് ചികിത്സയിലാണ്. ടെമ്പോ ട്രാവലർ ഡ്രൈവർ ഇന്ത്യനൂർ ചൂനൂരിലെ മുഹമ്മദ് ഫായിസ് (21), പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ ബസ് ഡ്രൈവർ വാഴേങ്ങലിലെ നൗഷാദ് (39), പാചകത്തൊഴിലാളി സാജിതയുടെ മകൻ ഷഹദിൻ (11), അധ്യാപിക ഷക്കീലയുടെ മകൾ മസ്നീൻ (10) എന്നിവരാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353990/valparai-accident-minister-vsivankutty-says-counseling-facilities-will-be-provided-for-children-at-pang-school-new)