---
title: "വാല്‍പ്പാറ അപകടം: 'താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നത്,  ഒരു സ്‌കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന്‍ മാത്രമേ അവശേഷിക്കുന്നുള്ളു' "
english_title: "Minister VSivankutty says Valpara accident is an unbearable grief"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353943/minister-vsivankutty-says-valpara-accident-is-an-unbearable-grief"
published_at: "2026-04-18T09:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e2fefae00d6_shivankuty.jpg"
keywords: []
---

# വാല്‍പ്പാറ അപകടം: 'താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നത്,  ഒരു സ്‌കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന്‍ മാത്രമേ അവശേഷിക്കുന്നുള്ളു' 

> **Lead Summary:** **മലപ്പുറം : ** ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടം താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്‌കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി എല്ലാവരെയം നഷ്ടപ്പെട്ടുവെന്നും മന്ത്രി പ്രതികരിച്ചു.

## Article Content

**മലപ്പുറം : ** ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടം താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്‌കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി എല്ലാവരെയം നഷ്ടപ്പെട്ടുവെന്നും മന്ത്രി പ്രതികരിച്ചു.

ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും മുഖ്യമന്ത്രി കൂടി ഇടപെട്ട് ചെയ്തിരുന്നു. ഇന്നലെ രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. നാടിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് പുലര്‍ത്താം- അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ എന്ത് കാര്യമായിരുന്നാലും തങ്ങളുടെ സ്വന്തം കാര്യം എന്നത് പോലെയാണ് ആ അധ്യാപകര്‍ ചെയ്തുകൊണ്ടിരുന്നത്. മാതൃകയാണ്ടേണ്ട കാര്യമാണ് അവരവിടെ ചെയ്തുകൊണ്ടിരുന്നത്. ശമ്പളം വാങ്ങുന്നതിന് വേണ്ടി പഠിപ്പിക്കുന്നു എന്നതിനപ്പുറം അവര്‍ എന്തൊക്കെയോ ആയിരുന്നു ആ സ്‌കൂളിന് – മന്ത്രി പറഞ്ഞു. 

ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ഇതുമായി ബന്ധപ്പെട്ടടക്കം ഇന്ന് രാവിലെയും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാൽപ്പാറ അപകടത്തിൽ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത(54) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഷൊർണ്ണൂരിലാണ് സംസ്കാര ചടങ്ങുകള്‍. അധ്യാപിക റംലത്തിന്‍റെ (52) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും.

അധ്യാപിക സുഹറയുടെയും (43) മകൻ ഹിഷാമിന്‍റെയും (12) സംസ്കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. അധ്യാപിക ആശയുടെ (41) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്കാരം നടക്കും. അധ്യാപകനായ അബ്ദുൽ മജീദിന്‍റെയും (43) ഭാര്യ റുഖിയയുടെയും (39) സംസ്കാരം മാട്ടാത്ത് ഖബര്‍സ്ഥാനിൽ നടക്കും.

സ്‌കൂൾ പാചകത്തൊഴിലാളി സാജിതയുടെ (45) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ നടക്കും. പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിന് അടുത്തുള്ള ജിയുപി സ്കൂളിലെ അദ്ധ്യാപിക ഷക്കീനയുടെ (37) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. ഷക്കീന അടുത്തിടെയാണ് എൽപി സ്കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.15 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353943/minister-vsivankutty-says-valpara-accident-is-an-unbearable-grief)