---
title: "വാൽപ്പാറ അപകടം: 'പ്രിയപ്പെട്ടവരെ നഷ്ടമായവരോട് അഗാധമായ അനുശോചനം അറിയിക്കുന്നു'-  പ്രധാനമന്ത്രി"
english_title: "narendra modi condolence valparai accident keralites"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353925/narendra-modi-condolence-valparai-accident-keralites"
published_at: "2026-04-17T22:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e2696ceb1a0_modi.jpg"
keywords: []
---

# വാൽപ്പാറ അപകടം: 'പ്രിയപ്പെട്ടവരെ നഷ്ടമായവരോട് അഗാധമായ അനുശോചനം അറിയിക്കുന്നു'-  പ്രധാനമന്ത്രി

> **Lead Summary:** ന്യൂഡൽഹി: വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുണ്ടായ അപകടത്തെ കുറിച്ച് അറിഞ്ഞതിലുള്ള അതീവദുഃഖം അറിയിക്കുന്നുവെന്ന് എക്സിൽ പ്രധാനമന്ത്രി കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

## Article Content

ന്യൂഡൽഹി: വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുണ്ടായ അപകടത്തെ കുറിച്ച് അറിഞ്ഞതിലുള്ള അതീവദുഃഖം അറിയിക്കുന്നുവെന്ന് എക്സിൽ പ്രധാനമന്ത്രി കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് മലയാളികളാണ് മരിച്ചത്. മിനി വാൻ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. പാറമ്മൽ എൽപി സ്‌കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രമുഖ നേതാക്കൾ അനുശോചിച്ചു.

വാൽപ്പാറ അപകടം വേദനാജനകം, മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ എന്നാണ് വി ഡി സതീശൻ എഫ് ബിയിൽ കുറിച്ചത്. അപകടം ഏറെ ദുഃഖമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കാര്യങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കോയമ്പത്തൂർ കളക്ടറും എസ്പിയുമായി നിരന്തരം സമ്പർക്കം നടത്തുന്നുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലാണെന്നുമാണ് കെ സി വേണുഗോപാൽ പ്രതികരിച്ചത്.

അതേസമയം വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ച ഒന്‍പത് പേരുടെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‍മോര്‍ട്ടം ചെയ്യും. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉടൻ മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുവരും. മന്ത്രി കെ കൃഷ്ണൻകുട്ടി പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു.

മന്ത്രി വി ശിവൻകുട്ടിയും കോയമ്പത്തൂരിലേക്കും പോകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മലപ്പുറത്ത് നിന്നുള്ള വിദഗ്ധ സംഘവും പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റ്‍മോര്‍ട്ടം നടക്കുകയെന്നും തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും പാലക്കാട് എ‍ഡിഎം സ്ഥലത്തുണ്ടെന്നും കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പാലക്കാട്‌ നിന്ന് ഡോക്ടർമാരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പോയിട്ടുണ്ട്.പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മലപ്പുറത്തേക്ക് കൊണ്ടുവരുമെന്നും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353925/narendra-modi-condolence-valparai-accident-keralites)