---
title: "നൊമ്പരമായി അധ്യാപകർ പങ്കുവച്ച് ചിത്രങ്ങൾ; വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, പരിക്കേറ്റവരെ കൊയമ്പത്തൂരിലേക്ക് മാറ്റി"
english_title: "valparai accident death news updation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353915/valparai-accident-death-news-updation"
published_at: "2026-04-17T20:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e252ba7b819_accident_1.jpg"
keywords: []
---

# നൊമ്പരമായി അധ്യാപകർ പങ്കുവച്ച് ചിത്രങ്ങൾ; വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, പരിക്കേറ്റവരെ കൊയമ്പത്തൂരിലേക്ക് മാറ്റി

> **Lead Summary:** വാൽപ്പാറ : വാൽപ്പാറ അപകടത്തിലെ കേരളത്തിന്‍റെ വേദനയേറ്റിക്കൊണ്ട് മരണസംഖ്യ ഉയരുന്നു. ഗുരുതരമായി പരിക്കേറ്റ 3 പേരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റി.

## Article Content

വാൽപ്പാറ : വാൽപ്പാറ അപകടത്തിലെ കേരളത്തിന്‍റെ വേദനയേറ്റിക്കൊണ്ട് മരണസംഖ്യ ഉയരുന്നു. ഗുരുതരമായി പരിക്കേറ്റ 3 പേരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിക്കുമാണ് ജീവൻ നഷ്ടമായതെന്നും വ്യക്തമായിട്ടുണ്ട്. സംഭവസ്ഥലത്ത് 8 പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഒരാളുടെ കൂടി മരണം സ്ഥിരീകരിച്ചത്.

മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്.

വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു.

ഡ്രൈവറടക്കം 4 പേർ ചികിത്സയിലാണ്. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. ഈ ചിത്രങ്ങൾ ഏവരെയും ഇപ്പോൾ നൊമ്പരപ്പെടുത്തുകയാണ്.

മരണപ്പെട്ടവരുടെ മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലാണുള്ളത്. 11 വയസ്സുള്ള ഒരു കുട്ടിയും പൊള്ളാച്ചിയിൽ ചികിത്സയിലുണ്ട്. വിനോദയാത്രയുടെ ഭാഗമായി വാൽപ്പാറയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353915/valparai-accident-death-news-updation)