---
title: " വിഷു ദിനത്തിലെ വിവാദ പോസ്റ്റർ: 'വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്,  സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല' - മെഹർ മന്തി റസ്റ്റോറൻ്റ്"
english_title: "Meher Manti Restaurant has issued an explanation for the controversial poster on Vishu Day."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353872/Meher-Manti-Restaurant-has-issued-an-explanation-for-the-controversial-poster-on-Vishu-Day-new-"
published_at: "2026-04-17T15:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e20b8f13557_mehar.jpg"
keywords: []
---

#  വിഷു ദിനത്തിലെ വിവാദ പോസ്റ്റർ: 'വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്,  സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല' - മെഹർ മന്തി റസ്റ്റോറൻ്റ്

> **Lead Summary:** **ആലപ്പുഴ: ** വിഷു ദിനത്തിലെ വിവാദ പോസ്റ്ററില്‍ വിശദീകരണവുമായി മെഹര്‍ മന്തി റസ്‌റ്റോറന്റ്. വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര്‍ മന്തി റസ്‌റ്റോറന്റ് മാനേജിങ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഷമീര്‍ പറഞ്ഞു. പ്രചരിക്കുന്നത് പിന്‍വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ഷമീര്‍ വ്യക്തമാക്കി.

## Article Content

**ആലപ്പുഴ: ** വിഷു ദിനത്തിലെ വിവാദ പോസ്റ്ററില്‍ വിശദീകരണവുമായി മെഹര്‍ മന്തി റസ്‌റ്റോറന്റ്. വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര്‍ മന്തി റസ്‌റ്റോറന്റ് മാനേജിങ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഷമീര്‍ പറഞ്ഞു. പ്രചരിക്കുന്നത് പിന്‍വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ഷമീര്‍ വ്യക്തമാക്കി.

ബുദ്ധിമുട്ട് നേരിട്ടവരോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വിഷുവിന് ആശംസാ പോസ്റ്റര്‍ നിര്‍മിച്ചു. പക്ഷേ ആ പോസ്റ്റര്‍ സമൂഹത്തില്‍ ഇറക്കിവിടാന്‍ പറ്റില്ലെന്ന് മനസിലാക്കി പിന്‍വലിച്ച് പകരം ഏറ്റവും നല്ല പോസ്റ്റര്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയ വഴി എല്ലാവരിലേക്കും എത്തിച്ചു.

പക്ഷേ, നിര്‍ഭാഗ്യവശാല്‍ രണ്ട് പോസ്റ്ററും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് അറിയാതെ ഒരാള്‍ വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. അത് താമസിയാതെ പിന്‍വലിച്ചു. എന്നാല്‍ ആ പോസ്റ്ററിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കപ്പെട്ടു', ഷമീര്‍ പറഞ്ഞു.

ഇപ്പോള്‍ ഈ സ്‌ക്രീന്‍ ഷോട്ട് ഇന്ത്യ മുഴുവനും എത്തിയെന്ന് ഷമീര്‍ പറഞ്ഞു. സമൂഹത്തില്‍ പ്രശ്‌നം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും അതില്‍ മാനസികമായ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല. എന്നാല്‍ മനപ്പൂര്‍വം എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി ചെയ്തതെന്നാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ്. നമ്മള്‍ താമസിക്കുന്നത് കേരളത്തിലാണ്.

എല്ലാ ആഘോഷങ്ങളെയും നമ്മള്‍ അങ്ങനെയാണ് കാണുന്നത്. കുറ്റപ്പെടുത്തുന്ന കമന്റുകള്‍ കാണുന്നുണ്ടെന്നും മാപ്പ് ചോദിക്കുകയാണെന്നും ഷമീര്‍ പറഞ്ഞു. പൊറുത്തു നല്‍കണമെന്നും പറഞ്ഞാണ് ഷമീര്‍ വീഡിയോ അവസാനിപ്പിക്കുന്നത്. മന്തിക്ക് മുന്നില്‍ ശ്രീകൃഷ്ണന്‍ ഇരിക്കുന്ന പോസ്റ്ററാണ് വിവാദത്തിലായത്. നിരവധി പേര്‍ ഫേസ്ബുക്കില്‍ ഈ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്. റസ്റ്റോറന്റ് ഉടമ അര്‍ഷാദ്, ഷംനാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദിനി എ പി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അര്‍ഷാദിനെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353872/Meher-Manti-Restaurant-has-issued-an-explanation-for-the-controversial-poster-on-Vishu-Day-new-)