---
title: "കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: 'തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ല'; അതിരൂക്ഷമായ വിമർശനവുമായി എം.കെ. രാഘവൻ"
english_title: "Joint Chief Ministerial Discussion, MKRaghavan with extreme criticism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353774/joint-chief-ministerial-discussion-mkraghavan-with-extreme-criticism"
published_at: "2026-04-17T10:21:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1bcf849c2d_radhavan_.jpg"
keywords: []
---

# കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: 'തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ല'; അതിരൂക്ഷമായ വിമർശനവുമായി എം.കെ. രാഘവൻ

> **Lead Summary:** **ദില്ലി: **കേരളത്തിലെ കോൺഗ്രസിനുള്ളിൽ ഉയർന്നു വന്ന മുഖ്യമന്ത്രി പദവി ചർച്ചകൾക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി എം.കെ. രാഘവൻ എം.പി രംഗത്തെത്തി. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ രാഘവൻ പറഞ്ഞു.

## Article Content

**ദില്ലി: **കേരളത്തിലെ കോൺഗ്രസിനുള്ളിൽ ഉയർന്നു വന്ന മുഖ്യമന്ത്രി പദവി ചർച്ചകൾക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി എം.കെ. രാഘവൻ എം.പി രംഗത്തെത്തി. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ രാഘവൻ പറഞ്ഞു.

'ദോഷകരമായ സാഹചര്യം ആണിത്. തന്നോട് തോൽക്കുന്ന സീറ്റ് എടുത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏതു നേതാവാണെന്നുള്ളത് ഇപ്പോൾ പറയുന്നില്ലെന്നും എംകെ രാഘവൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

ചിലർ എംപിമാർ മത്സരിക്കാൻ പാടില്ലെന്ന് വാശി പിടിച്ചു. ചിലരുടെ ദുർവാശിയാണ് ഇതിന് കാരണം. സമയം വരുമ്പോൾ പലതും പറയാനുണ്ട്. ഡിസിസി പ്രസിഡൻറ് ഷിയാസ് ആണ് ഇത് ആദ്യം പറഞ്ഞത്. ആ പ്രസ്താവനയാണ് എല്ലാ പ്രശ്നവും തുടങ്ങിയത്. അവിടെ നിന്നാണ് വ്യാപകമായ ചർച്ചയായത്. വിഡി സതീശൻ പിന്നിലുണ്ടെന്ന് കരുതുന്നില്ല.

അസമിൽ ഗൗരവ് ഗോഗോയി മത്സരിച്ചു. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡിൻ്റെ തലയിൽ വെക്കണ്ട. എന്ത് അടിസ്ഥാനത്തിലാണ് എംപിമാരുടെ കാര്യത്തിൽ തീരുമാനമെടുത്തത് ഹൈക്കമാൻഡാണെന്ന് പറയുന്നത്. ഹൈക്കമാൻഡിൻ്റെ തലയിൽ ഇടണ്ട. തർക്കം ഒഴിവാക്കാനാണ് ഹൈക്കമാൻഡ് സമ്മതിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ എന്ത് നടന്നു എന്ന് എല്ലാവർക്കും അറിയാം. അധികാരത്തിലെത്തിയാൽ എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്നും ഘടകകക്ഷികൾക്ക് ഈ ചർച്ചയിൽ കടുത്ത അതൃപ്തിയുണ്ടെന്നും എംകെ രാഘവൻ പറഞ്ഞു.

അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. നേതാക്കൾ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴി വെച്ചതെന്നും മുസ്ലിം ലീ​ഗ് വിലയിരുത്തുന്നു.

കോൺഗ്രസ്‌ നേതാക്കൾ പരസ്യ പ്രതികരണം തുടർന്നാൽ ഹൈക്കമാന്റ് ഇടപെടൽ ആവശ്യപ്പെടാനും നീക്കമുണ്ട്. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടിലാണ് ലീ​ഗ്. കോൺഗ്രസ്‌ ചോദിക്കുമ്പോൾ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നുമാണ് ലീഗിലെ ധാരണ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353774/joint-chief-ministerial-discussion-mkraghavan-with-extreme-criticism)