---
title: "ഇടമലക്കുടിയിൽ ടൺ കണക്കിന് റേഷൻ അരി കാണാതായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്‌ടർ"
english_title: "Idukki District Collector orders further investigation in ration rice theft"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353745/idukki-district-collector-orders-further-investigation-in-ration-rice-theft"
published_at: "2026-04-17T08:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1a13924ff4_rice_theft.jpg"
keywords: []
---

# ഇടമലക്കുടിയിൽ ടൺ കണക്കിന് റേഷൻ അരി കാണാതായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്‌ടർ

> **Lead Summary:** ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ടൺ കണക്കിന് റേഷൻ അരി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്‌ടർ. കുറ്റം തെളിഞ്ഞാൽ വിതരണക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും ജില്ലാ ഭണകൂടം വ്യക്തമാക്കി.

## Article Content

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ടൺ കണക്കിന് റേഷൻ അരി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്‌ടർ. കുറ്റം തെളിഞ്ഞാൽ വിതരണക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും ജില്ലാ ഭണകൂടം വ്യക്തമാക്കി.

എന്നാൽ ഇപ്പോഴും ഇടമലക്കുടിയിലെ പല ഉന്നതികളിലും റേഷൻ അരി കിട്ടാനില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇടമലക്കുടിയിൽ വിതരണം ചെയ്യേണ്ട 65 ടൺ അരിയാണ് കാണാതായതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത് .

കഴിഞ്ഞ ഒരുമാസമായി ഇടമലക്കുടിയിൽ റേഷൻ അരി ലഭിക്കുന്നില്ലെന്നു പരാതി ഉന്നയിക്കുകയാണ് ഉന്നതികളിൽ ഉള്ളവർ. ഇടമലക്കുടിയിലെ ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട 65 ടൺ അരി കാണാനില്ലെന്നാണ് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

രണ്ട് റേഷനിങ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പെട്ടിമുടി ഗോഡൗണിലും, സൊസൈറ്റിക്കുടി, വെള്ളവാരക്കുടി എന്നിവിടങ്ങളിലെ റേഷൻ കടകളിലുമായിരുന്നു പരിശോധന. 70000 കിലോ സ്റ്റോക്ക് ഉണ്ടെന്ന് കാണിച്ചെങ്കിലും 5000 കിലോ മാത്രമാണ് പരിശോധനയിൽ കണ്ടെത്താനായത്. 65000 കിലോ കണ്ടെത്താനായില്ല.

സപ്ലൈകോ എത്തിച്ചുനൽകുന്ന അരി ഗിരിജൻ സൊസൈറ്റി വഴിയാണ് റേഷൻ കടകളിൽ വിതരണം ചെയ്യുന്നത്. ഗിരിജൻ സൊസൈറ്റിയിലെ കരാറുകാരന് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സിവിൽ സപ്ലൈസ് വകുപ്പും സഹകരണ വകുപ്പ് റജിസ്ട്രാറുമാണ് തുടരന്വേഷണം നടത്തുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ദേവികുളം സബ് കളക്ടർ വി.എം. ആര്യ പറഞ്ഞു.

ദേവികുളം ഗിരിജൻ സൊസൈറ്റിയും സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ക്രമക്കേട് നടത്തുന്നതെന്നാണ് ആദിവാസികളുടെ ആരോപണം. വിതരണം ചെയ്യുന്ന അരി വൃത്തിഹീനമായതാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകണമെന്നും ഇടമലക്കുടി ഉന്നതിയിലെ നിവാസികൾ പറയുന്നു. രണ്ടുവർഷം മുമ്പ് ഇടമലക്കുടിയിലേക്കുള്ള റേഷൻ അരി മറിച്ച് വിറ്റ കേസിൽ ഗോഡൗൺ വാച്ച്മാനെ സസ്‌പെൻഡ് ചെയ്യുകയും സ്റ്റോർ കീപ്പറെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353745/idukki-district-collector-orders-further-investigation-in-ration-rice-theft)