---
title: "വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി, വിഴിഞ്ഞത്തെ യുവാവിന്‍റെ കൊലപാതകം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന കണ്ടെത്തൽ"
english_title: "Murder of a young man in Vizhinjam Shocking findings in the postmortem report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353719/murder-of-a-young-man-in-vizhinjam-shocking-findings-in-the-postmortem-report"
published_at: "2026-04-16T20:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0fc0a471c9_vizhinjam_crime.jpg"
keywords: []
---

# വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി, വിഴിഞ്ഞത്തെ യുവാവിന്‍റെ കൊലപാതകം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന കണ്ടെത്തൽ

> **Lead Summary:** തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മർദ്ദനത്തിൽ യുവാവിന്‍റെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികമായി നിരവധി പരിക്കുകളുള്ളതായും നെഞ്ചിൽ രക്തസ്രാവമുണ്ടായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

## Article Content

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മർദ്ദനത്തിൽ യുവാവിന്‍റെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികമായി നിരവധി പരിക്കുകളുള്ളതായും നെഞ്ചിൽ രക്തസ്രാവമുണ്ടായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ് സംഭവം. വിഴിഞ്ഞം സ്വദേശി സുമന്‍റെ കൊലപാതകത്തിൽ അച്ചു, അനന്തു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായ ഇരുവരും സഹോദരങ്ങളാണ്. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് ഇന്നലെ രാത്രി നടന്നത്. പത്തിലധികം ആളുകള്‍ കൂടി നിൽക്കെയാണ് സംഭവം. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നത് ആരും തടയാൻ ശ്രമിക്കുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല. പകരം മൊബൈൽ ഫോണിൽ ദൃശ്യങ്ങള്‍ എടുത്തു.

വിഴിഞ്ഞം മുക്കോലയിലെ ബാര്‍ ഹോട്ടലിൽ മദ്യപിക്കവേ, പ്രതി അച്ചുവും സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന ഷാനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് നീണ്ടു. ഇവരുമായി ഒരു ബന്ധവും ഇല്ലാത്ത സുമൻ, തര്‍ക്കത്തിൽ ഇടപെട്ടു. ഇതോടെ അച്ചുവും സുമനും തമ്മിലായി അടിപിടി. രാത്രി 12 മണിയോടെ ഇരുവരും പുറത്തേക്ക് വന്നു.

ഹോട്ടലിന് മുന്നിൽ വെച്ച് സുമൻ അച്ചുവിനെ തല്ലി. അച്ചു വീട്ടിലായിരുന്ന സഹോദരന് അനന്തുവിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സുമനെ തല്ലിച്ചതച്ചു.സുമൻ നേരിട്ട ക്രൂരമർദ്ദനം വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവം നടക്കുമ്പോള്‍ രണ്ട് ബാര്‍ ജീവനക്കാര്‍ മൊബൈൽ ഫോണിൽ ദൃശ്യങ്ങള്‍ പകര്‍ത്തി.

ഇത് ചോദ്യം ചെയ്ത് പ്രതികള്‍ ജീവനക്കാര്‍ക്കുനേരെ വന്നതോടെ ബാറിലെ ബൗണ്‍സര്‍, കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇതോടെ പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാൽ, രാത്രി തന്നെ പൊലീസ് പ്രതികളെ പിടികൂടി. അച്ചുവും അനന്തുവും അടക്കം നാലു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353719/murder-of-a-young-man-in-vizhinjam-shocking-findings-in-the-postmortem-report)