---
title: "നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്; ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി"
english_title: "cpi takes disciplinary action against district committee member vs sulochanan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353701/cpi-takes-disciplinary-action-against-district-committee-member-vs-sulochanan"
published_at: "2026-04-16T18:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0dfc587ba8_cpi.jpg"
keywords: []
---

# നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്; ശബ്ദരേഖ പുറത്ത്, ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സിപിഐ നേതാവിനെതിരേ നടപടി. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിഎസ് സുലോചനനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അമ്പലത്തറ വാർഡിലെ മുൻ കൗൺസിലറാണ് സുലോചനൻ.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സിപിഐ നേതാവിനെതിരേ നടപടി. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിഎസ് സുലോചനനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അമ്പലത്തറ വാർഡിലെ മുൻ കൗൺസിലറാണ് സുലോചനൻ.

നേമത്ത് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ടും ശിവൻകുട്ടിയെ തോൽപ്പിക്കണമെന്നുമുള്ള സുലോചനന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഒരു സുഹൃത്തിനോടാണ് സുലോചനൻ ഇക്കാര്യം പറയുന്നത്. തിരഞ്ഞെടുപ്പിൽ താനും ശിവൻകുട്ടിയും തമ്മിൽ ഉടക്കാണെന്ന് അറിയാമല്ലോയെന്നും രഹസ്യമായിട്ട് നിങ്ങളെ സഹായിക്കാമെന്ന് വിചാരിച്ചിരിക്കുകയാണെന്നും സുലോചനൻ ഫോണിലൂടെ പറയുന്നുണ്ട്.

ശിവൻകുട്ടി എനിക്കെതിരേ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ തോൽക്കുന്നതിലും ശിവൻകുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടെന്നും അദ്ദേഹം ഫോണിലൂടെ പറയുന്നുണ്ട്. വ്യക്തിപരമായ വിഷയങ്ങളാണ് ഫോണിലൂടെ സംസാരിച്ചിരുന്നത്. അതിനിടെയിലാണ് ശിവൻകുട്ടിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ സുലോചനൻ വ്യക്തമാക്കിയത്. ശിവൻകുട്ടിയുമായുള്ള എതിർപ്പ് അറിയിക്കുകയും എതിർനീക്കങ്ങളുണ്ടാകുമെന്ന പരോക്ഷമായ സൂചനയും സംഭാഷണത്തിൽ വ്യക്തമാണ്.

ബിജെപിയെ സഹായിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിപിഐ നടപടിയെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങളുണ്ടായേക്കും. ഡീൽ വിവാദമടക്കം കത്തി നിന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ശബ്ദരേഖ പുറത്തുവരുന്നത്. വിഷയത്തിൽ സുലോചനന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353701/cpi-takes-disciplinary-action-against-district-committee-member-vs-sulochanan)