---
title: "കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ"
english_title: "CBSE withholds exam results of 38 students in Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353685/cbse-withholds-exam-results-of-38-students-in-kasaragod"
published_at: "2026-04-16T17:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0c853b7087_CBSE_withholds_exam_results_of_38_students_in_Kasaragod.jpg"
keywords: []
---

# കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

> **Lead Summary:** കാസർകോട്: കാസർകോട് ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവെച്ചു. സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം ഭാഷയായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഫലം ലഭിക്കാത്തത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോഡ് രേഖപ്പെടുത്തിയതിൽ സ്കൂൾ അധികൃതർക്ക് സംഭവിച്ച വീഴ്ചയാണ് പരീക്ഷാഫലം തടയാൻ കാരണമായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുന്ന വിഷയത്തിൽ സ്കൂൾ മാനേജ്‌മെന്റ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

## Article Content

കാസർകോട്: കാസർകോട് ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവെച്ചു. സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം ഭാഷയായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഫലം ലഭിക്കാത്തത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോഡ് രേഖപ്പെടുത്തിയതിൽ സ്കൂൾ അധികൃതർക്ക് സംഭവിച്ച വീഴ്ചയാണ് പരീക്ഷാഫലം തടയാൻ കാരണമായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുന്ന വിഷയത്തിൽ സ്കൂൾ മാനേജ്‌മെന്റ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

പിഴവ് തിരുത്താൻ അനുമതി നൽകാത്തതിനാൽ സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല വിധി നൽകിയതോടെയാണ് വിഷയത്തിന്റെ കോഡ് തിരുത്തി പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അനുമതി ലഭിച്ചത്. പരീക്ഷ എഴുതിയ ശേഷം ഫലം തടഞ്ഞുവെച്ചതിൽ ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

സംസ്കൃതം കമ്യൂണിക്കേറ്റീവ് വിഷയത്തിന്റെ കോഡ് 122 ആയിരുന്നത് കഴിഞ്ഞ വർഷം 119 ആയി മാറിയത് ശ്രദ്ധയിൽപ്പെടാത്തതാണ് പിഴവിന് കാരണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഒരു വിദ്യാർഥിക്ക് 3500 രൂപ വീതം പിഴ ഒടുക്കിയിരുന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353685/cbse-withholds-exam-results-of-38-students-in-kasaragod)