---
title: "സഞ്ജു സാംസൺ ആദ്യ അഞ്ചിൽ നിന്ന് പുറത്ത്, കോലിക്ക് ഓറഞ്ച് ക്യാപ് "
english_title: "Sanju Samson out of top five, Kohli gets orange cap"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353676/sanju-samson-out-of-top-five-kohli-gets-orange-cap"
published_at: "2026-04-16T16:17:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0bea936647_adrfws.jpg"
keywords: []
---

# സഞ്ജു സാംസൺ ആദ്യ അഞ്ചിൽ നിന്ന് പുറത്ത്, കോലിക്ക് ഓറഞ്ച് ക്യാപ് 

> **Lead Summary:** ബെംഗളൂരു:**[** മുംബൈ ഇന്ത്യന്‍സ് - ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തോടെ ഐപിഎല്‍ 2026ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മാറ്റം. പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ മാറ്റങ്ങളൊന്നുമില്ലെങ്കിലും, ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് വിരാട് കോലി സ്വന്തമാക്കി.

## Article Content

ബെംഗളൂരു:**[** മുംബൈ ഇന്ത്യന്‍സ് - ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തോടെ ഐപിഎല്‍ 2026ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മാറ്റം. പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ മാറ്റങ്ങളൊന്നുമില്ലെങ്കിലും, ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് വിരാട് കോലി സ്വന്തമാക്കി.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന മത്സരത്തില്‍ 34 പന്തില്‍ 49 റണ്‍സ് നേടിയതോടെയാണ് കോലി പട്ടികയില്‍ ഒന്നാമതെത്തിയത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും അദ്ദേഹം തന്നെ. ഇതോടെ ഈ സീസണില്‍ കോഹ്ലിയുടെ ആകെ റണ്‍സ് 228 ആയി. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ 224 റണ്‍സുമായി രണ്ടാമത്. രജത് പാട്ടിദാര്‍ ബുധനാഴ്ചത്തെ പ്രകടനത്തോടെ മൂന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ 222 റണ്‍സാണ് താരം നേടിയത്. ഇവര്‍ക്ക് പുറമെ ഇഷാന്‍ കിഷന്‍ (213), വൈഭവ് സൂര്യവന്‍ഷി (200) എന്നിവരാണ് ഈ സീസണില്‍ ഇതുവരെ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പിന്നില്‍ ആറാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 185 റണ്‍സാണ് സഞ്ജു നേടിയത്.

കഴിഞ്ഞ മത്സരത്തിൽ തന്റെ ഐപിഎൽ കരിയറിൽ ആദ്യമായി വിരാട് കോലി 'ഇംപാക്ട് പ്ലെയറായി' കളത്തിലിറങ്ങി. ടോസ് നേടി പന്തെറിയാൻ തീരുമാനിച്ച ആർസിബിയുടെ ആദ്യ ഇലവനിൽ കോലി ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ മുട്ടിനുണ്ടായ അസ്വസ്ഥതയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് ഫീൽഡിംഗിൽ നിന്ന് മാറിനിന്ന് ബാറ്റിംഗിൽ മാത്രം താരം ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഐപിഎൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മാറ്റമില്ലാതെ പോരാട്ടം തുടരുന്നു. 10 വിക്കറ്റുകൾ വീതം നേടി അൻഷുൽ കംബോജും (ചെന്നൈ സൂപ്പർ കിംഗ്‌സ്) പ്രസിദ്ധ് കൃഷ്ണയുമാണ് (ഗുജറാത്ത് ടൈറ്റൻസ്) ഒന്നാം സ്ഥാനത്തുള്ളത്. 9 വിക്കറ്റുകളുമായി രവി ബിഷ്‌ണോയ്, പ്രിൻസ് യാദവ് എന്നിവർ തൊട്ടുപിന്നാലെയുണ്ട്. ഭുവനേശ്വർ കുമാർ, ക്രുണാൽ പാണ്ഡ്യ എന്നിവർ അഞ്ച് മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകൾ വീതവും സ്വന്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353676/sanju-samson-out-of-top-five-kohli-gets-orange-cap)