---
title: "ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപക നേതാക്കളിൽ പ്രധാനിയായ അമീർ ഹംസയ്ക്ക് ലാഹോറിൽ വെടിയേറ്റു; നില അതീവ ഗുരുതരം"
english_title: "Ameer Hamza, one of the founding leaders of Lashkar-e-Taiba, was shot dead in Lahore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353655/ameer-hamza-one-of-the-founding-leaders-of-lashkar-e-taiba-was-shot-dead-in-lahore"
published_at: "2026-04-16T15:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0b3710edad_Ameer_Hamza,_one_of_the_founding_leaders_of_Lashkar-e-Taiba.jpg"
keywords: []
---

# ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപക നേതാക്കളിൽ പ്രധാനിയായ അമീർ ഹംസയ്ക്ക് ലാഹോറിൽ വെടിയേറ്റു; നില അതീവ ഗുരുതരം

> **Lead Summary:** ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അമീർ ഹംസയ്ക്ക് നേരെ ലാഹോറിൽ വധശ്രമം. അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ ഹംസ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

## Article Content

ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അമീർ ഹംസയ്ക്ക് നേരെ ലാഹോറിൽ വധശ്രമം. അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ ഹംസ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലാഹോറിലെ ഒരു വാർത്താ ചാനൽ ഓഫീസിന് പുറത്തുവെച്ചാണ് അജ്ഞാതർ ഹംസയ്ക്ക് നേരെ വെടിയുതിർത്തത്. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലാഹോറിലെ വസതിക്ക് പുറത്തുവെച്ച് നടന്ന വധശ്രമത്തിൽ ഇയാൾ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് പാകിസ്ഥാൻ അധികൃതർ ഇയാൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിരുന്നെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് വീണ്ടും ആക്രമണം നടക്കുകയായിരുന്നു. സംഭവത്തിൽ പാകിസ്ഥാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

1959 മെയ് 10 ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രൻവാലയിൽ ജനിച്ച ഹംസ, 1985 നും 1986 നും ഇടയിൽ തീവ്രവാദി ഹാഫിസ് സയീദിനൊപ്പം ഭീകര സംഘടനയായ എൽഇടിയുടെ സ്ഥാപകനും, 2005 ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്യാൻ സഹായിച്ചതായി കരുതപ്പെടുന്നയാളുമാണ്. കശ്മീരിന് പുറത്തുള്ള ആദ്യത്തെ പ്രധാന എൽഇടി ആക്രമണങ്ങളിലൊന്നായിരുന്നു ബെം​ഗളൂരുവിലേത്.

സയീദിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന ലഷ്കർ-ഇ-തൊയ്ബ നേതാവായി കണക്കാക്കപ്പെടുന്ന ഹംസ, വർഷങ്ങളായി ഭീകര ഗ്രൂപ്പിൽ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചു. പ്രചാരണ വിഭാഗത്തെയും പൊതുജന സമ്പർക്ക കാമ്പെയ്‌നുകളെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് അദ്ദേഹത്തെ ഭീകരവാദികളുടെ പട്ടികയിൽപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353655/ameer-hamza-one-of-the-founding-leaders-of-lashkar-e-taiba-was-shot-dead-in-lahore)