---
title: "നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കാൻ തീരുമാനം, വിദ്യാർഥികൾക്ക് ഉറപ്പു നൽകി മാനേജ്മെൻ്റ്"
english_title: "Nitin Raj death Decision to expel Dr Ram Management assures students"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353629/nitin-raj-death-decision-to-expel-dr-ram-management-assures-students"
published_at: "2026-04-16T14:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0a1813343b_nithin_death.jpg"
keywords: []
---

# നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കാൻ തീരുമാനം, വിദ്യാർഥികൾക്ക് ഉറപ്പു നൽകി മാനേജ്മെൻ്റ്

> **Lead Summary:** കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ തീരുമാനം. റാമിനെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.

## Article Content

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ തീരുമാനം. റാമിനെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.

വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങളിൽ ചർച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് മാനേജ്‌മെന്റിന്റെ യോഗത്തി റാമിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.

കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുൻപും ഇയാൾക്കെതിരേ നിരവധി പരാതികളുയർന്നിരുന്നു. നിതിൻ്റെ മരണത്തിന് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് സ്ഥാപനത്തിൽനിന്ന് സ്ഥിരമായി പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് എത്തിയത്.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. പിന്നാലെ ഡോ. റാമിനെയും ആരോപണ വിധേയായ ഡോ. സംഗീത നമ്പ്യാരെയും സസ്‌പെൻ‍ഡ് ചെയ്തിരുന്നു. നിലവിൽ ഇരുവരും ഒളിവിലാണുള്ളത്.

ഡോ. റാമിനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. ചെരുപ്പിട്ട് വന്ന വിദ്യാർത്ഥിയെ 'കോളനി' എന്ന് വിളിക്കുകയും ഗോത്രവർഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിക്കുകയും ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. ക്ലാസിൽ ബോഡി ഷേമിങ് നടത്താറുണ്ട്. വിദ്യാർഥികളെ ഡാർക്കെന്നും ഫാറ്റിയെന്നും ലീൻ എന്നും വിളിക്കും.

മീറ്റിങ്ങിന് രക്ഷിതാക്കൾ വന്നാൽ പോലും മോശമായി പെരുമാറും. രക്ഷിതാക്കളുടെ സ്റ്റാറ്റസ് അനുസരിച്ചാണ് അവരോട് സംസാരിക്കുകയെന്നും റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ലെന്നും അയാൾ ഒരു മൃഗമാണെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പേടിച്ചിട്ടാണ് പരാതികൾ പറയാതിരുന്നതെന്നും വിദ്യാർഥികൾ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353629/nitin-raj-death-decision-to-expel-dr-ram-management-assures-students)