---
title: "വാംഖഡെയിൽ ജീവൻമരണ പോരാട്ടം; തോൽവികളിൽ തളർന്ന മുംബൈ ഇന്ന് വിജയക്കുതിപ്പ് തുടരുന്ന പഞ്ചാബിനെതിരെ"
english_title: "Mumbai vs Punjab today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353600/mumbai-vs-punjab-today"
published_at: "2026-04-16T12:24:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e087d9029c7_11.jpg"
keywords: []
---

# വാംഖഡെയിൽ ജീവൻമരണ പോരാട്ടം; തോൽവികളിൽ തളർന്ന മുംബൈ ഇന്ന് വിജയക്കുതിപ്പ് തുടരുന്ന പഞ്ചാബിനെതിരെ

> **Lead Summary:** **മുംബൈ:[ **ഐപിഎല്ലിൽ നിലനിൽപ്പിനായുള്ള കഠിനപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.

## Article Content

**മുംബൈ:[ **ഐപിഎല്ലിൽ നിലനിൽപ്പിനായുള്ള കഠിനപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.

സീസണിലെ ആദ്യ മത്സരം ജയിച്ച് പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും പിന്നീട് തുടർച്ചയായ തോൽവികളേറ്റുവാങ്ങി പോയിന്റ് പട്ടികയിൽ പിന്നിലായ മുംബൈയ്ക്ക് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മറുവശത്ത്, കളിച്ച മത്സരങ്ങളിലെല്ലാം ആധിപത്യം പുലർത്തി മുന്നേറുന്ന പഞ്ചാബ് കിംഗ്‌സ് വലിയ ആത്മവിശ്വാസത്തിലാണ്.

സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുമ്പോഴും നായകൻ ഹാർദിക് പാണ്ഡ്യയ്ക്കും സംഘത്തിനും സമ്മർദ്ദമേറെയാണ്. പരിക്കേറ്റ രോഹിത് ശർമ്മയുടെ അസാന്നിധ്യവും ഓപ്പണർമാരുടെ ഫോമില്ലായ്മയും ടീമിനെ കുഴപ്പിക്കുന്നുണ്ട്.

മധ്യനിരയിൽ തിലക് വർമ്മ റണ്ണെത്താൻ വിഷമിക്കുമ്പോൾ, ബൗളിംഗിൽ ട്രെന്റ് ബോൾട്ടും മിച്ചൽ സാന്റ്‌നറും താളം കണ്ടെത്താൻ പാടുപെടുകയാണ്. വിശ്വസ്തനായ ജസ്പ്രിത് ബുംറയ്ക്ക് നാല് കളികളിൽ നിന്ന് ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാത്തത് മുംബൈ ക്യാമ്പിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.

പഞ്ചാബ് നിരയിലാകട്ടെ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് തന്നെ പറയാം. പ്രഭ്സിമ്രാൻ സിംഗും പ്രിയാൻഷ് ആര്യയും ചേർന്ന് നൽകുന്ന വെടിക്കെട്ട് തുടക്കവും, മധ്യനിരയിൽ നായകൻ ശ്രേയസ് അയ്യരും കൂപ്പർ കൊനോലിയും നൽകുന്ന കരുത്തും ടീമിനെ സുരക്ഷിതരാക്കുന്നു.

അർഷ്ദീപ് സിംഗും യുസ്‌വേന്ദ്ര ചഹലും നയിക്കുന്ന ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. ഐപിഎൽ ചരിത്രത്തിലെ നേർക്കുനേർ കണക്കുകളിൽ ഇരുടീമുകളും തുല്യശക്തികളാണ്. കളിച്ച 34 മത്സരങ്ങളിൽ 17 വീതം വിജയങ്ങളാണ് ഇരുവർക്കുമുള്ളത്. വാംഖഡെയിലെ പോരാട്ടത്തിൽ ഈ തുല്യത ആര് മറികടക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353600/mumbai-vs-punjab-today)