---
title: "സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചതിന് വേദിയിൽ നിന്ന് വിലക്കി; കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിൽ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു"
english_title: "Student complains that she was prevented from entering the stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353597/student-complains-that-she-was-prevented-from-entering-the-stage"
published_at: "2026-04-16T12:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e086bd0dd0c_10.jpg"
keywords: []
---

# സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചതിന് വേദിയിൽ നിന്ന് വിലക്കി; കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിൽ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു

> **Lead Summary:** **ന്യൂഡൽഹി:[ **[ ]കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ‘മേരാ യുവ ഭാരത്’ പരിപാടിയിൽ വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർത്ഥിനിയെ വേദിയിൽ നിന്ന് വിലക്കിയെന്ന ആരോപണം വിവാദമാകുന്നു.

## Article Content

**ന്യൂഡൽഹി:[ **[ ]കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ‘മേരാ യുവ ഭാരത്’ പരിപാടിയിൽ വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർത്ഥിനിയെ വേദിയിൽ നിന്ന് വിലക്കിയെന്ന ആരോപണം വിവാദമാകുന്നു.

ഏപ്രിൽ 12-ന് ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നടന്ന ‘നാരി ശക്തി: വികസിത് ഭാരത് കി ആവാസ്’ എന്ന ചടങ്ങിനിടെയാണ് സംഭവം. ഡൽഹി സർവ്വകലാശാലയിലെ ദൗലത്ത് റാം കോളേജ് വിദ്യാർത്ഥിനിയായ സാറാ ശർമ്മയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.

കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയെ ആദരിക്കാനുള്ള സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തന്നെ, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചുവെന്ന കാരണത്താൽ അവസാന നിമിഷം മാറ്റിനിർത്തുകയായിരുന്നുവെന്ന് സാറ ആരോപിച്ചു.

ഒരു വനിതാ ഉദ്യോഗസ്ഥ നേരിട്ടെത്തി വസ്ത്രം ശരിയല്ലെന്ന് പറഞ്ഞത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി. എന്നാൽ, സാറയുടെ വാദങ്ങൾ തള്ളി പരിപാടിയുടെ സംഘാടക സമിതിയിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥിനികൾ രംഗത്തെത്തിയതോടെ സംഭവം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

വസ്ത്രധാരണത്തിന്റെ പേരിലല്ല സാറയെ മാറ്റിയതെന്നും, പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ചുമതലകൾ കൈമാറുകയാണ് ഉണ്ടായതെന്നും സഹപ്രവർത്തകരായ വിഭ ഛബ്ര, ദിശ ഗോയൽ എന്നിവർ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു. സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചുപറ്റാൻ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീ ശാക്തീകരണം ചർച്ച ചെയ്യുന്ന വേദിയിൽ വസ്ത്രധാരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ആരോപണം കെട്ടിച്ചമച്ചതാണെന്ന സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353597/student-complains-that-she-was-prevented-from-entering-the-stage)