---
title: "പള്ളി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം; തീർത്ഥാടക സംഘത്തിലെ യുവതി കസ്റ്റഡിയിൽ  പ്രസവിച്ച വിവരം ഭർത്താവിൽ നിന്നും മറച്ചുവെച്ചു"
english_title: "Newborn baby's body found in church premises; Woman in pilgrimage group hid information from husband about giving birth in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353579/newborn-babys-body-found-in-church-premises-woman-in-pilgrimage-group-hid-information-from-husband-about-giving-birth-in-custody"
published_at: "2026-04-16T11:29:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e07af88207d_zdsfs.jpg"
keywords: []
---

# പള്ളി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം; തീർത്ഥാടക സംഘത്തിലെ യുവതി കസ്റ്റഡിയിൽ  പ്രസവിച്ച വിവരം ഭർത്താവിൽ നിന്നും മറച്ചുവെച്ചു

> **Lead Summary:** കോഴിക്കോട്: **[**കോഴിക്കോട് ചെറൂട്ടി കോൺവന്റ് റോഡിലെ ദേവമാതാ കത്തീഡ്രൽ പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പാലക്കാട് സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

കോഴിക്കോട്: **[**കോഴിക്കോട് ചെറൂട്ടി കോൺവന്റ് റോഡിലെ ദേവമാതാ കത്തീഡ്രൽ പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പാലക്കാട് സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോ (25) ആണ് പിടിയിലായത്. പാലക്കാട് നിന്ന് 13 ബസുകളിലായി എത്തിയ തീർത്ഥാടക സംഘത്തിന്റെ ഭാഗമായാണ് യുവതി കോഴിക്കോട് എത്തിയത്. പള്ളിയുടെ പിൻഭാഗത്ത് വെച്ച് താൻ പ്രസവിച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.

ആറ് മാസം ഗർഭിണിയായിരുന്ന ഫ്രാങ്കോയെ യാത്രയിൽ ഒപ്പം കൂട്ടാൻ സംഘാടകർക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ ഇവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതാണോ അതോ കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

പള്ളി പരിസരത്ത് വെച്ച് പ്രസവം നടന്നതായും എന്നാൽ കൂടെയുള്ളവർ വിവരം അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്നാണ് കുഞ്ഞിനെ അവിടെത്തന്നെ ഉപേക്ഷിച്ചതെന്നും യുവതി മൊഴി നൽകി. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ മരിച്ച നിലയിലായിരുന്നുവെന്നും ഫ്രാങ്കോ അവകാശപ്പെടുന്നു. ഭർത്താവും ഒന്നര വയസ്സുള്ള മകളും മറ്റ് ബന്ധുക്കളും അതേ തീർത്ഥാടക സംഘത്തിലുണ്ടായിരുന്നിട്ടും അവരോട് പോലും യുവതി വിവരം പറഞ്ഞിരുന്നില്ലെന്ന് ടൗൺ എസിപി കെ.ജെ. ജോൺസൺ വ്യക്തമാക്കി.

 പ്രസവശേഷം സാധാരണ നിലയിൽ ടൂറിസ്റ്റ് ബസിൽ തിരിച്ചുകയറി ഇരുന്ന യുവതിയെ, പൊലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് തീർത്ഥാടക സംഘത്തിലെ ഒരു യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പള്ളി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, പൊക്കിൾക്കൊടി അറുത്ത നിലയിലുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത് ഫ്രാങ്കോ ആണെന്ന് കണ്ടെത്തി. അവശതയിലായ യുവതിയെ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യും.

സമീപത്ത് ആശുപത്രി സൗകര്യങ്ങൾ ഉണ്ടായിട്ടും, ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയോ മറ്റ് ബന്ധുക്കളെയോ വിവരം അറിയിക്കാതെ പള്ളി പരിസരത്ത് പ്രസവിച്ചതാണ് സംശയത്തിന് ഇടയാക്കുന്നത്. ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353579/newborn-babys-body-found-in-church-premises-woman-in-pilgrimage-group-hid-information-from-husband-about-giving-birth-in-custody)