---
title: "കേരളത്തിൽ റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും"
english_title: "Record electricity consumption in Kerala; high-level meeting to be held today to assess the situation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353555/record-electricity-consumption-in-kerala-high-level-meeting-to-be-held-today-to-assess-the-situation"
published_at: "2026-04-16T10:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e067882ead1_high-level_meeting_to_be_held_today_to_assess_the_situation.jpg"
keywords: []
---

# കേരളത്തിൽ റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം കഠിനമായതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി റെക്കോർഡ് നിലയിലെത്തി. പ്രതിദിന ആവശ്യകത 6000 മെഗാവാട്ട് കടന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ നിലവിലെ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതാകും യോഗത്തിന്റെ പ്രധാന അജണ്ട.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം കഠിനമായതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി റെക്കോർഡ് നിലയിലെത്തി. പ്രതിദിന ആവശ്യകത 6000 മെഗാവാട്ട് കടന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ നിലവിലെ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതാകും യോഗത്തിന്റെ പ്രധാന അജണ്ട.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വൈദ്യുതിയുടെ ആവശ്യകത 6012 മെഗാവാട്ടിൽ എത്തി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉപയോഗം 6000 മെഗാവാട്ട് മറികടക്കുന്നത്. ഈ മാസം 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു ഇതിന് മുൻപത്തെ ഉയർന്ന നിരക്ക്.

ബുധനാഴ്ചത്തെ ആകെ ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം എട്ട് ലക്ഷം യൂണിറ്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വേനൽ കടുത്തതോടെ എസി, ഫാൻ തുടങ്ങിയവയുടെ ഉപയോഗം വർദ്ധിച്ചു. പാചകവാതക ലഭ്യതയിലുണ്ടായ കുറവ് കാരണം കൂടുതൽ പേർ ഇൻഡക്ഷൻ കുക്കറുകളെയും ഇലക്ട്രിക് അടുപ്പുകളെയും ആശ്രയിച്ചു.

നിലവിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എങ്കിലും ലോഡ് വർദ്ധിക്കുന്നത് മൂലം പ്രാദേശികമായി വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ (വാഷിംഗ് മെഷീൻ, ഇലക്ട്രിക് ഓവൻ, പമ്പ് സെറ്റുകൾ) ഒഴിവാക്കി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353555/record-electricity-consumption-in-kerala-high-level-meeting-to-be-held-today-to-assess-the-situation)