---
title: "'വാഗ്ദാനങ്ങൾ കടലാസിൽ';ടൗൺഷിപ്പ് നിർമ്മാണത്തിൽ അനിശ്ചിതത്വം,സഹായധനവും മുടങ്ങി"
english_title: "'Promises on paper'; Uncertainty in township construction, aid funding also stalled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353554/promises-on-paper-uncertainty-in-township-construction-aid-funding-also-stalled"
published_at: "2026-04-16T10:01:00+05:30"
category: "Wayanad"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e067b0878c9_rdstgder.jpg"
keywords: []
---

# 'വാഗ്ദാനങ്ങൾ കടലാസിൽ';ടൗൺഷിപ്പ് നിർമ്മാണത്തിൽ അനിശ്ചിതത്വം,സഹായധനവും മുടങ്ങി

> **Lead Summary:** വയനാട് :**[**ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണത്തിൽ വലിയ അനിശ്ചിതത്വം തുടരുന്നതായി റിപ്പോർട്ടുകൾ. പുനരധിവാസ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് ദുരിതബാധിതരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു

## Article Content

വയനാട് :**[**ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണത്തിൽ വലിയ അനിശ്ചിതത്വം തുടരുന്നതായി റിപ്പോർട്ടുകൾ. പുനരധിവാസ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് ദുരിതബാധിതരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു

 ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട 178 വീടുകളിൽ 40 എണ്ണം മാത്രമാണ് നിലവിൽ താമസയോഗ്യമായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബാക്കിയുള്ളവയുടെ പണി പൂർത്തിയായിട്ടില്ല.  ടൗൺഷിപ്പിന്റെ മറ്റ് ഘട്ടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളും നിലവിൽ അനിശ്ചിതത്വത്തിലാണ്.

ദുരന്തബാധിതരായ 1184 പേർക്ക് നൽകിവന്നിരുന്ന പ്രതിമാസ സഹായമായ 9000 രൂപ മുടങ്ങിയിരിക്കുകയാണ്. കുടുംബങ്ങൾക്ക് നൽകേണ്ട ഫുഡ് കൂപ്പണുകളും ഇതുവരെ വിതരണം ചെയ്തിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ കാലതാമസവും സാമ്പത്തിക സഹായങ്ങൾ മുടങ്ങുന്നതും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും വാടക വീടുകളിൽ താമസിക്കുന്നവർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.

 ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിർമ്മാണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. സി.പി.എം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായി കെ.പി.സി.സി നേതൃത്വം ഇപ്പോൾ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്.

 ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നൂറ് വീടുകൾ നിർമ്മിക്കാനായി പിരിച്ചെടുത്ത തുക വെളിപ്പെടുത്തുന്നില്ലെന്ന സി.പി.എം വിമർശനത്തിന് പിന്നാലെയാണ് കോൺഗ്രസ് വ്യക്തത വരുത്തിയത്. രണ്ട് അക്കൗണ്ടുകളിലായി 5.38 കോടി രൂപ സമാഹരിച്ചു.

 പദ്ധതിക്കായി ഭൂമി വാങ്ങാൻ 6.18 കോടി രൂപ ചിലവായി. പിരിച്ചെടുത്തതിനേക്കാൾ കൂടുതൽ തുക ഭൂമിക്ക് വേണ്ടിവന്നതിനാൽ 97 ലക്ഷം രൂപ പാർട്ടി അധികമായി നൽകിയെന്ന് കെ.പി.സി.സി പ്രസിഡന്റും സണ്ണി ജോസഫും വ്യക്തമാക്കി.

കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ മാതൃകാ വീടിന്റെ  നിർമ്മാണം തുടങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എങ്കിലും, എല്ലാ വീടുകളുടെയും നിർമ്മാണം എന്ന് പൂർണ്ണതോതിൽ ആരംഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ല.

ഭൂമിയിൽ പണികൾ തുടങ്ങാത്തതും പിരിച്ചെടുത്ത പണത്തെക്കുറിച്ചുള്ള ദുരൂഹതയും ആരോപിച്ചാണ് സി.പി.എം കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. നിർമ്മാണം വൈകുന്നത് ദുരന്തബാധിതരുടെ പുനരധിവാസത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353554/promises-on-paper-uncertainty-in-township-construction-aid-funding-also-stalled)