---
title: " 'ഇവൻ ചില്ലറക്കാരൻ അല്ല';  തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പ് കവർച്ച മലപ്പുറം  സ്വദേശി പ്രതി കൊച്ചിയിൽ അറസ്റ്റിൽ "
english_title: "'This is not a retailer'; Malappuram native accused of petrol pump robbery in Thiruvananthapuram arrested in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353489/this-is-not-a-retailer-malappuram-native-accused-of-petrol-pump-robbery-in-thiruvananthapuram-arrested-in-kochi"
published_at: "2026-04-15T16:07:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df6ae149e83_DAWSETRFW.jpg"
keywords: []
---

#  'ഇവൻ ചില്ലറക്കാരൻ അല്ല';  തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പ് കവർച്ച മലപ്പുറം  സ്വദേശി പ്രതി കൊച്ചിയിൽ അറസ്റ്റിൽ 

> **Lead Summary:** തിരുവനന്തപുരം: **[** തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിലായി. മലപ്പുറം പൊന്നാനി സ്വദേശി പി.എം. തഫ്സീർ ദർവേഷ് ആണ് അറസ്റ്റിലായത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് കൊച്ചി സിറ്റി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

## Article Content

തിരുവനന്തപുരം: **[** തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിലായി. മലപ്പുറം പൊന്നാനി സ്വദേശി പി.എം. തഫ്സീർ ദർവേഷ് ആണ് അറസ്റ്റിലായത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് കൊച്ചി സിറ്റി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച പുലർച്ചെ പാളയത്തെ പമ്പിൽ നിന്ന് പണം കവർന്ന ശേഷം ഇയാൾ ഓട്ടോയിലാണ് കടന്നുകളഞ്ഞത്. അറുപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ പാളയം പള്ളിക്ക് സമീപമുള്ള പമ്പ് ഓഫീസിന്റെ ലോക്കർ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

രാത്രി പമ്പ് അടച്ച ശേഷം ജീവനക്കാർ ഇല്ലാതിരുന്ന സമയത്താണ് രണ്ട് ദിവസത്തെ കളക്ഷൻ തുകയായ 1.80 ലക്ഷം രൂപ ഇയാൾ കവർന്നത്. പ്രതി ഓഫീസിൽ അതിക്രമിച്ചു കയറുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ കൃത്യമായി പതിഞ്ഞിരുന്നു.

ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ മ്യൂസിയം പൊലീസ് ഫോൺ ട്രാക്ക് ചെയ്തതോടെ ഇയാൾ എറണാകുളത്തുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന്, മറ്റൊരു കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്ന എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ രാവിലെ ഇയാളെ ലോഡ്ജിൽ നിന്ന് പിടികൂടുകയായിരുന്നു.

പിടിയിലായ പ്രതിയിൽ നിന്ന് പമ്പിൽ നിന്ന് മോഷ്ടിച്ച പണം പോലീസ് കണ്ടെടുത്തു. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ കേസുകളിലും ഇയാൾ പ്രതിയാണ്. ഒരു സ്ക്രൂ ഡ്രൈവർ മാത്രം ഉപയോഗിച്ചാണ് ഇയാൾ ലോക്കറുകൾ കുത്തിത്തുറക്കുന്നത് എന്നതാണ് ശ്രദ്ധേയം. പലപ്പോഴും പിടിയിലാകുമ്പോൾ ആയുധമായി ഇയാളുടെ കൈവശം ഒരു സ്ക്രൂ ഡ്രൈവർ മാത്രമേ ഉണ്ടാകാറുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353489/this-is-not-a-retailer-malappuram-native-accused-of-petrol-pump-robbery-in-thiruvananthapuram-arrested-in-kochi)