---
title: "അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തേക്കും"
english_title: "Sexual assault on young woman who was involved in an accident; more charges may be filed against the accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353487/sexual-assault-on-young-woman-who-was-involved-in-an-accident-more-charges-may-be-filed-against-the-accused"
published_at: "2026-04-15T15:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df68d90289b_more_charges_may_be_filed_against_the_accused.jpg"
keywords: []
---

# അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തേക്കും

> **Lead Summary:** ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷാപ്രവർത്തകനായി ചമഞ്ഞ് ലൈംഗികമായി ഉപദ്രവിച്ച കേസിൽ പോലീസ് വിശദമായ മൊഴിയെടുത്തു. കായംകുളം ഡിവൈ.എസ്.പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുവതി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

## Article Content

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷാപ്രവർത്തകനായി ചമഞ്ഞ് ലൈംഗികമായി ഉപദ്രവിച്ച കേസിൽ പോലീസ് വിശദമായ മൊഴിയെടുത്തു. കായംകുളം ഡിവൈ.എസ്.പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുവതി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

കാലിനും തോളെല്ലിനും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയെ പ്രതി ആശുപത്രിയിൽ വെച്ച് ഭീഷണിപ്പെടുത്തിയതായും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായും മൊഴിയിലുണ്ട്. കേസിൽ പ്രതിയായ വ്യാപാരിക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ബുധനാഴ്‌ച യുവതിയുടെ വൈദ്യപരിശോധന നടത്തും. ഡോക്‌ടർ ഉൾപ്പെടെ ആശുപത്രി ജീവനക്കാരും ഒപ്പം സഞ്ചരിച്ചവരുമടക്കം 12 പേരുടെ മൊഴികൾ പൊലീസ്‌ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീണ്ടും ഇവരുടെ മൊഴിയെടുക്കും. ആശുപത്രിയിലെയും സംഭവസ്ഥലത്തെയും ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങളും പൊലീസ്‌ ശേഖരിക്കും. പ്രതിയ്‌ക്കെതിരെ ഭീഷണിപ്പെടുത്തലടക്കം കൂടുതൽ വകുപ്പുകൾ ചേർത്തേക്കും.

കൊല്ലം സ്വദേശിനിയും തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയുമായ യുവതി കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരിൽ പോയി മടങ്ങുമ്പോഴാണ്‌ ദുരനുഭവമുണ്ടാകുന്നത്‌. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഏപ്രിൽ മൂന്നിന്‌ രാത്രി കായംകുളം കെപിഎസി ജങ്‌ഷനിൽ അപകടത്തിൽപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് എത്തിയ സിനിൽ സവാദ്‌ യുവതിയെ ആശുപത്രിയിലേക്ക്‌ മാറ്റാൻ വാഹനത്തിൽ​ കയറ്റുന്നതിനിടെ ഉപദ്രവിക്കുകയായിരുന്നു. വൈദ്യപരിശോധനയ്‌ക്കിടെ ഇക്കാര്യം ഡോക്‌ടറെയും ജീവനക്കാരെയും അറിയിച്ചു. യുവതിയെ പിന്തുടർന്നെത്തിയ പ്രതി സംഭവം പുറത്തുപറയരുതെന്നും ഡിസ്ചാർജ് വാങ്ങി കൊല്ലത്തേക്ക്‌ പോകണമെന്നും ഭീഷണിപ്പെടുത്തി. കേസ് ഒഴിവാക്കാൻ ഇയാളുടെ സുഹൃത്ത് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞിരുന്നു. ജില്ലാ പൊലീസ്‌ മേധാവി ഡിജിപിക്ക്‌ പ്രാഥമിക റിപ്പോർട്ട്​ നൽകിയിട്ടുണ്ട്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353487/sexual-assault-on-young-woman-who-was-involved-in-an-accident-more-charges-may-be-filed-against-the-accused)