---
title: "‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണ്’ - കെ മുരളീധരൻ"
english_title: "K Muraleedharan says Chief Minister is decided by the high command"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353393/k-muraleedharan-says-chief-minister-is-decided-by-the-high-command"
published_at: "2026-04-14T19:47:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de4cb95b2dc_k_muralidharan.jpg"
keywords: []
---

# ‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണ്’ - കെ മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെ. മുരളീധരൻ. നാലാം തീയതി റിസൾട്ട് വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി തീരുമാനമാകുമെന്നും, നാലാം തീയതിക്ക് ശേഷം മാത്രമേ ചർച്ച ആരംഭിക്കുകയുള്ളൂ എന്നും മുരളീധരൻ വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെ. മുരളീധരൻ. നാലാം തീയതി റിസൾട്ട് വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി തീരുമാനമാകുമെന്നും, നാലാം തീയതിക്ക് ശേഷം മാത്രമേ ചർച്ച ആരംഭിക്കുകയുള്ളൂ എന്നും മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പറയുന്ന അനാവശ്യ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇപ്പോൾ പ്രസക്തി ഇല്ലെന്നും, ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. തോൽക്കാൻ പോകുന്നവർക്ക് നാലാം തീയതി വരെ ജയിക്കുമെന്ന് പറഞ്ഞ് നടക്കാമെന്നും അതുവരെ അവർക്ക് ആശ്വസിക്കാമെന്നും മുരളീധരൻ പരിഹസിച്ചു. നാലിന് 12 മണി കഴിയുമ്പോൾ ഇവർ യാഥാർഥ്യം അംഗീകരിക്കേണ്ടിവരും.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകമെന്ന് ബെന്നി ബെഹനാൻ എംപി പ്രതികരിച്ചു. നേതൃത്വത്തിന്റെ തീരുമാനം വരും വരെ കാത്തിരിക്കുകയാണ് വേണ്ടത്. സോഷ്യൻ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. കോൺഗ്രസ് നേതൃത്വം ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണം. ഇത് വരാനിരിക്കുന്ന വിജയ ശോഭ കെടുത്തുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

കെ സി ജോസഫിനെപോലെ മുതിർന്ന നേതാവിൻ്റെ ആഹ്വാനത്തിന് വലിയ പ്രസക്‌തി കിട്ടിയില്ലെന്ന് ബെന്നി ബഹന്നാൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് പിന്തിരിയണമെന്ന അഭിപ്രായവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353393/k-muraleedharan-says-chief-minister-is-decided-by-the-high-command)