---
title: "നിതിൻ രാജിന്റെ മരണം: അധ്യാപകർ ഒളിവിൽ; ക്ലിനിക്കിലേക്ക് മാർച്ച് നടത്തി യുവജന സംഘടനകൾ, പ്രതിഷേധം ശക്തം"
english_title: "Nitin Raj's death: Youth organizations march to clinic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353354/nitin-rajs-death-youth-organizations-march-to-clinic"
published_at: "2026-04-14T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de0d5519069_23.jpg"
keywords: []
---

# നിതിൻ രാജിന്റെ മരണം: അധ്യാപകർ ഒളിവിൽ; ക്ലിനിക്കിലേക്ക് മാർച്ച് നടത്തി യുവജന സംഘടനകൾ, പ്രതിഷേധം ശക്തം

> **Lead Summary:** **കണ്ണൂർ: [** അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി-യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു.

## Article Content

**കണ്ണൂർ: [** അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി-യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു.

കേസിലെ മുഖ്യപ്രതിയായ വകുപ്പ് മേധാവി ഡോ. റാമിന്റെ തലശ്ശേരി ചിറക്കുനിയിലുള്ള ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പോലീസിന്റെ ബാരിക്കേഡുകൾ മറികടന്ന് ക്ലിനിക്കിന് മുന്നിലെത്തിയ പ്രവർത്തകർ സ്ഥാപനം താഴിട്ട് പൂട്ടുകയും അവിടെ സംഘടനയുടെ കൊടിയും ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രവും സ്ഥാപിക്കുകയും ചെയ്തു.

നിലവിൽ സസ്പെൻഷനിലുള്ള അധ്യാപകരായ എം.കെ. റാമും സംഗീത നമ്പ്യാരും ഒളിവിൽ തുടരുകയാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം, നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി കോളജ് പ്രിൻസിപ്പൽ വിനോദ് മോനി രംഗത്തെത്തി.

നിതിൻ എടുത്ത ഓൺലൈൻ വായ്പയുടെ പേരിൽ ലത എന്ന അധ്യാപികയ്ക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും, ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് നിതിനെ ചേംബറിലേക്ക് വിളിച്ചുവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നിതിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ അവകാശപ്പെട്ടു. ലോൺ ആപ്പിൽ അധ്യാപികയുടെ പേര് നൽകിയിട്ടില്ലെന്നും തന്റെ അമ്മയുടെ പേരും ലത എന്നാണെന്നുമാണ് നിതിൻ നൽകിയ വിശദീകരണമെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. നിതിൻ വച്ചിട്ടുപോയ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353354/nitin-rajs-death-youth-organizations-march-to-clinic)