---
title: "'രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്‍റെ പരാജയത്തിൽ സന്തോഷിക്കും, പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല' - ഷാഫി പറമ്പിൽ എംപി"
english_title: "shafi parambil on cm discussion in congress and predict assembly election result"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353342/shafi-parambil-on-cm-discussion-in-congress-and-predict-assembly-election-result"
published_at: "2026-04-14T14:18:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddffa8bebcc_shafi_parambil.jpg"
keywords: []
---

# 'രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്‍റെ പരാജയത്തിൽ സന്തോഷിക്കും, പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല' - ഷാഫി പറമ്പിൽ എംപി

> **Lead Summary:** പാലക്കാട്: സംസ്ഥാന സർക്കാരിന് ജനം എക്സിറ്റ് അടിച്ച് കൊടുത്തെന്ന് ഷാഫി പറമ്പിൽ എംപി. ഭരണമാറ്റ വികാരം കേരളത്തിൽ ശക്തമായിരുന്നു. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരിൽ ഉണ്ടാകും. സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്‍റെ പരാജയത്തിൽ സന്തോഷിക്കും.

## Article Content

പാലക്കാട്: സംസ്ഥാന സർക്കാരിന് ജനം എക്സിറ്റ് അടിച്ച് കൊടുത്തെന്ന് ഷാഫി പറമ്പിൽ എംപി. ഭരണമാറ്റ വികാരം കേരളത്തിൽ ശക്തമായിരുന്നു. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരിൽ ഉണ്ടാകും. സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്‍റെ പരാജയത്തിൽ സന്തോഷിക്കും.

ഏതെങ്കിലും ജാതിയുടെയോ മതത്തിൻ്റെയോ വോട്ട് കൊണ്ടല്ല യുഡിഎഫ് ജയിക്കുക. പ്രചാരണത്തിൽ സമുദായ കളർ കൊടുക്കാൻ ശ്രമിച്ച സിപിഎമ്മിനുള്ള തിരിച്ചടി കൂടിയായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും ഷാഫി പറമ്പിൽ അവകാശപ്പെട്ടു. മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടി എന്ന നിലയിൽ അഭിപ്രായം പറയാൻ കോൺഗ്രസിൽ തടസമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

കാഫിറും ഖൗമും സിപിഎമ്മിന്‍റെ തെര‍ഞ്ഞെടുപ്പ് പദങ്ങളാകുന്നത് പാര്‍ട്ടി ഗൗരവത്തോടെ വിലയിരുത്തണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ ബിജെപി ഹിജാബ് പോലുള്ള പദം ഉപയോഗിക്കുന്നു. ബിജെപിയുടെ അതേ ശൈലി സിപിഎമ്മും ഇവിടെ ആവർത്തിക്കുകയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം കൂട്ടുണ്ടാക്കുന്നതിൽ സഖാക്കൾക്ക് തന്നെ പ്രതിഷേധം ഉണ്ടെന്നും ഷാഫി പറഞ്ഞു. പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല. ന്യൂനപക്ഷ - ഭൂരിപക്ഷ ഏകീകരണത്തിന് അപ്പുറം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ഏകീകരണമാണ് യുഡിഎഫിന് അനുകൂലമായി ഉണ്ടായതെന്നും ഷാഫി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353342/shafi-parambil-on-cm-discussion-in-congress-and-predict-assembly-election-result)