---
title: "ഭക്ഷണരീതിയിൽ മാറ്റം വരുത്തൂ, അർബുദത്തെ അകറ്റാം; സസ്യാഹാരം കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം"
english_title: "Study suggests vegetarian diet reduces cancer risk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353318/study-suggests-vegetarian-diet-reduces-cancer-risk"
published_at: "2026-04-14T12:29:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dde61a7c849_11.jpg"
keywords: []
---

# ഭക്ഷണരീതിയിൽ മാറ്റം വരുത്തൂ, അർബുദത്തെ അകറ്റാം; സസ്യാഹാരം കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം

> **Lead Summary:** **[** മാംസാഹാരം ഒഴിവാക്കി സസ്യാഹാരം ശീലമാക്കുന്നത് വിവിധതരം കാൻസർ സാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. യുകെ, യുഎസ്, ഇന്ത്യ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 18 ലക്ഷത്തോളം ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

## Article Content

**[** മാംസാഹാരം ഒഴിവാക്കി സസ്യാഹാരം ശീലമാക്കുന്നത് വിവിധതരം കാൻസർ സാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. യുകെ, യുഎസ്, ഇന്ത്യ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 18 ലക്ഷത്തോളം ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

പാൻക്രിയാറ്റിക്, സ്തന, പ്രോസ്റ്റേറ്റ്, വൃക്ക കാൻസർ, മൾട്ടിപ്പിൾ മൈലോമ തുടങ്ങിയവയ്ക്കുള്ള സാധ്യത സസ്യാഹാരികളിൽ കുറവാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച ഈ പഠനം, കാൻസർ പ്രതിരോധത്തിൽ ഭക്ഷണക്രമത്തിനുള്ള വലിയ പങ്കിനെയാണ് അടിവരയിടുന്നത്.

ഭക്ഷണരീതിയെ അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരുന്നു ഗവേഷണം. മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികളിൽ ചിലതരം അർബുദങ്ങൾ വരാനുള്ള സാധ്യത 31 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തി.

കണക്കുകൾ പ്രകാരം പാൻക്രിയാറ്റിക് കാൻസർ സാധ്യത 21 ശതമാനവും, വൃക്ക സംബന്ധമായ കാൻസർ സാധ്യത 28 ശതമാനവും കുറവാണ്. കൂടാതെ സ്തനാർബുദ സാധ്യത ഒൻപത് ശതമാനവും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത പന്ത്രണ്ട് ശതമാനവും കുറയുന്നതായും പഠനം വ്യക്തമാക്കുന്നു. 17 വ്യത്യസ്ത തരം കാൻസറുകളെ മുൻനിർത്തിയായിരുന്നു ഈ വിശദമായ പരിശോധന.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നാരുകളും മറ്റ് അവശ്യ പോഷകങ്ങളും ശരീരത്തിലെ ചയാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സസ്യാഹാരത്തിലൂടെ ലഭിക്കുന്ന ഈ പോഷകങ്ങൾ ശരീരഭാരം നിയന്ത്രിക്കാനും ഹോർമോൺ വ്യതിയാനങ്ങൾ കുറയ്ക്കാനും സഹായിക്കും.

ഇത്തരം ആരോഗ്യകരമായ ശീലങ്ങൾ കാൻസറിനെ ഒരു പരിധിവരെ തടയാൻ സഹായിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ശരിയായ ഭക്ഷണക്രമം സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന സൂചനയാണ് പഠനം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353318/study-suggests-vegetarian-diet-reduces-cancer-risk)