---
title: "വിഷുദിനത്തിലെ പ്രഭാതഭക്ഷണം ഗംഭീരമാക്കാം; ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഷുക്കട്ട റെസിപ്പി"
english_title: "How to prepare Vishu Katta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353316/how-to-prepare-vishu-katta"
published_at: "2026-04-14T12:23:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dde50426721_10.jpg"
keywords: []
---

# വിഷുദിനത്തിലെ പ്രഭാതഭക്ഷണം ഗംഭീരമാക്കാം; ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഷുക്കട്ട റെസിപ്പി

> **Lead Summary:** **[** വിഷുദിനത്തിൽ മലയാളി വീടുകളിലെ പ്രഭാതഭക്ഷണത്തിൽ പ്രധാനിയാണല്ലോ വിഷുക്കട്ട. പുന്നെല്ലിന്റെ പച്ചരിയും തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന ഈ വിഭവം വളരെ രുചികരവും പോഷകപ്രദവുമാണ്. വിഷുക്കട്ട തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു:

## Article Content

**[** വിഷുദിനത്തിൽ മലയാളി വീടുകളിലെ പ്രഭാതഭക്ഷണത്തിൽ പ്രധാനിയാണല്ലോ വിഷുക്കട്ട. പുന്നെല്ലിന്റെ പച്ചരിയും തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന ഈ വിഭവം വളരെ രുചികരവും പോഷകപ്രദവുമാണ്. വിഷുക്കട്ട തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു:

**ആവശ്യമായ ചേരുവകൾ**

*പച്ചരി: 2 കപ്പ് (ഉണങ്ങലരിയാണ് ഉത്തമം)*

*തേങ്ങാപ്പാൽ: 4 കപ്പ് (ഒന്നാം പാലും രണ്ടാം പാലും ചേർത്ത്)*

*ജീരകം: 1 ടീസ്പൂൺ*

*ചുക്കുപൊടി: അര ടീസ്പൂൺ (ആവശ്യമെങ്കിൽ)*

*ഉപ്പ്: പാകത്തിന്*

*വെള്ളം: അരി വേകാൻ ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം പച്ചരി നന്നായി കഴുകി വൃത്തിയാക്കി അരമണിക്കൂർ കുതിർത്തു വെക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുതിർത്ത അരിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിക്കുക. അരി നന്നായി വെന്തുടയുന്ന പരുവമാകണം.

ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് കൊടുക്കാം. അരിയും പാലും ചേർന്ന് നല്ലതുപോലെ വെന്തു വരുമ്പോൾ ഇതിലേക്ക് ജീരകവും പാകത്തിന് ഉപ്പും ചേർക്കുക. ചുക്കിന്റെ ചുവ ഇഷ്ടമുള്ളവർക്ക് ഈ സമയത്ത് ചുക്കുപൊടി കൂടി ചേർക്കാവുന്നതാണ്.

മിശ്രിതം നന്നായി കുറുകി വരുമ്പോൾ കട്ടിയുള്ള ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കുക. പാൽ വറ്റി പാനിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ തീ അണയ്ക്കാം. ചൂടോടെ തന്നെ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് (സ്റ്റീൽ പ്ലേറ്റോ ചതുരത്തിലുള്ള പാത്രമോ) ഇത് പകരുക. ഒരു തവി ഉപയോഗിച്ച് മുകൾഭാഗം നിരപ്പാക്കി വെക്കുക.

വിഷുക്കട്ട നന്നായി തണുത്തതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. സ്വാദിഷ്ടമായ വിഷുക്കട്ട തയ്യാർ! പണ്ടുകാലം മുതൽക്കേ വിഷുക്കട്ടയ്‌ക്കൊപ്പം കായ വറുത്തതും ശർക്കര പാനിയുമാണ് കോമ്പിനേഷനായി ഉപയോഗിക്കുന്നത്.

എന്നാൽ ചിലയിടങ്ങളിൽ ഇത് കടലക്കറിക്കൊപ്പവും കഴിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353316/how-to-prepare-vishu-katta)