---
title: "നാല് വർഷ ബിരുദം: മുന്നൊരുക്കമില്ലാതെ സർക്കാർ; ഇന്റേൺഷിപ്പിനായി വിദ്യാർഥികൾ നെട്ടോട്ടത്തിൽ"
english_title: "Students gear up for four-year degree internships"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353312/students-gear-up-for-four-year-degree-internships"
published_at: "2026-04-14T12:16:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dde3155ff94_9.jpg"
keywords: []
---

# നാല് വർഷ ബിരുദം: മുന്നൊരുക്കമില്ലാതെ സർക്കാർ; ഇന്റേൺഷിപ്പിനായി വിദ്യാർഥികൾ നെട്ടോട്ടത്തിൽ

> **Lead Summary:** **തിരുവനന്തപുരം:[ ** സംസ്ഥാനത്ത് നടപ്പിലാക്കിയ നാല് വർഷ ബിരുദ കോഴ്‌സുകളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സർക്കാർ പൂർത്തിയാക്കാത്തത് വിദ്യാർഥികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

## Article Content

**തിരുവനന്തപുരം:[ ** സംസ്ഥാനത്ത് നടപ്പിലാക്കിയ നാല് വർഷ ബിരുദ കോഴ്‌സുകളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സർക്കാർ പൂർത്തിയാക്കാത്തത് വിദ്യാർഥികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

നാലാം സെമസ്റ്ററിൽ വിദ്യാർഥികൾ നിർബന്ധമായും പൂർത്തിയാക്കേണ്ട ഇന്റേൺഷിപ്പ് സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടതോടെ, വലിയ തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഒരു ലക്ഷത്തോളം വരുന്ന വിദ്യാർഥികൾ.

എയ്ഡഡ് കോളജുകളിൽ ഒരു വർഷത്തെ പഠനത്തിന് ആയിരം രൂപ മാത്രം ഫീസ് നിലനിൽക്കുമ്പോൾ, വെറും രണ്ടാഴ്ചത്തെ ഇന്റേൺഷിപ്പിനായി രണ്ടായിരം മുതൽ ഏഴായിരം രൂപ വരെ നൽകേണ്ടി വരുന്നത് സാധാരണക്കാരായ വിദ്യാർഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു.

ഇന്റേൺഷിപ്പ് ഏകോപിപ്പിക്കുന്നതിനായി കെൽട്രോൺ വഴി പോർട്ടൽ ആരംഭിച്ചെങ്കിലും, സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിടുന്ന സ്ഥാപനങ്ങളാണ് ഇതിൽ അധികവും രജിസ്റ്റർ ചെയ്തിരിക്കുന്നത്. പല സ്ഥാപനങ്ങളും ഇന്റേൺഷിപ്പിനെ ഒരു കോഴ്സാക്കി മാറ്റി ഫീസ് ഈടാക്കുന്നത് വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്.

സർക്കാർ വകുപ്പുകളിൽ സൗജന്യ ഇന്റേൺഷിപ്പ് ഉറപ്പാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും പല വകുപ്പുകളും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതോടെ ഇന്റേൺഷിപ്പ് കണ്ടെത്തേണ്ട ഉത്തരവാദിത്തം കോളജുകൾ വിദ്യാർഥികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന സാഹചര്യവുമുണ്ടായി.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള കാലാവധി ആറാം സെമസ്റ്റർ വരെ നീട്ടി സർവകലാശാലകൾ സർക്കുലർ ഇറക്കിയിട്ടുണ്ട്. എന്നാൽ, ഇന്റേൺഷിപ്പ് നൽകുന്ന സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പുവരുത്താനും സാമ്പത്തിക ചൂഷണം തടയാനും കൃത്യമായ റെഗുലേറ്ററി സംവിധാനം വേണമെന്ന ആവശ്യവുമായി കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.സി.ടി.എ) രംഗത്തെത്തി.

അല്ലാത്തപക്ഷം നാല് വർഷ ബിരുദ പഠനം വിദ്യാർഥികൾക്ക് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറുമെന്ന് അധ്യാപക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353312/students-gear-up-for-four-year-degree-internships)