---
title: "ബിയർ അത്ര പാവമല്ല!ഈ രോഗങ്ങളുള്ളവർക്ക് ബിയർ വില്ലനായേക്കാം"
english_title: "Beer is not that bad! Beer may be a villain for those with these diseases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353193/beer-is-not-that-bad-beer-may-be-a-villain-for-those-with-these-diseases"
published_at: "2026-04-13T16:32:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcce1aa4eeb_weqawe.jpg"
keywords: []
---

# ബിയർ അത്ര പാവമല്ല!ഈ രോഗങ്ങളുള്ളവർക്ക് ബിയർ വില്ലനായേക്കാം

> **Lead Summary:** **[** മറ്റു ലഹരിപാനീയങ്ങളെ അപേക്ഷിച്ച് വീര്യം കുറവാണെന്ന ധാരണയുള്ളതിനാൽ മദ്യപിക്കുന്നവർക്കിടയിൽ ബിയറിന് വലിയ സ്വീകാര്യതയുണ്ട്. സൗഹൃദക്കൂട്ടായ്മകളിലും വേനൽച്ചൂടിൽ ആശ്വാസം കണ്ടെത്താനും പലരും ബിയറിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, എല്ലാ വ്യക്തികൾക്കും ബിയർ ഉപയോഗം സുരക്ഷിതമല്ലെന്നതാണ് വാസ്തവം. ചില പ്രത്യേക ശാരീരിക അവസ്ഥകളിലൂടെ കടന്നുപോകുന്നവർ ബിയർ കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഏതൊക്കെ രോഗാവസ്ഥയുള്ളവരാണ് ബിയർ ഉപയോഗത്തിൽ ജാഗ്രത പാലിക്കേണ്ടതെന്ന് പരിശോധിക്കാം.

## Article Content

**[** മറ്റു ലഹരിപാനീയങ്ങളെ അപേക്ഷിച്ച് വീര്യം കുറവാണെന്ന ധാരണയുള്ളതിനാൽ മദ്യപിക്കുന്നവർക്കിടയിൽ ബിയറിന് വലിയ സ്വീകാര്യതയുണ്ട്. സൗഹൃദക്കൂട്ടായ്മകളിലും വേനൽച്ചൂടിൽ ആശ്വാസം കണ്ടെത്താനും പലരും ബിയറിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, എല്ലാ വ്യക്തികൾക്കും ബിയർ ഉപയോഗം സുരക്ഷിതമല്ലെന്നതാണ് വാസ്തവം. ചില പ്രത്യേക ശാരീരിക അവസ്ഥകളിലൂടെ കടന്നുപോകുന്നവർ ബിയർ കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഏതൊക്കെ രോഗാവസ്ഥയുള്ളവരാണ് ബിയർ ഉപയോഗത്തിൽ ജാഗ്രത പാലിക്കേണ്ടതെന്ന് പരിശോധിക്കാം.

പ്രമേഹം

പ്രമേഹരോഗികൾ മദ്യപാനം ഒഴിവാക്കുന്നതുപോലെ തന്നെ ബിയർ ഉപയോഗിക്കുന്ന കാര്യത്തിലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ബിയറിന്റെ അമിത ഉപയോഗം പ്രമേഹസാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്ഥിരമായി ബിയർ കുടിക്കുന്നത് രോഗം നേരത്തെ പിടിപെടാൻ കാരണമായേക്കാം; പ്രത്യേകിച്ച് പാരമ്പര്യമായി പ്രമേഹമുള്ളവർക്ക് ഇതിനുള്ള സാധ്യത ഇരട്ടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് ബിയർ കാരണമാകുന്നതിനാൽ ഇത് ആരോഗ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

രക്തസമ്മര്‍ദ്ദം

മദ്യപാനം രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയും ചെയ്യുന്ന പ്രധാന ഘടകമാണ്. ആഴ്ചയിലൊരിക്കൽ മാത്രമാണ് മദ്യം ഉപയോഗിക്കുന്നതെങ്കിൽ പോലും അത് കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം. മദ്യപാനികളിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. മദ്യം അമിതമായി ഉള്ളിലെത്തുന്നത് രക്തക്കുഴലുകളിലെ പേശികൾ ചുരുങ്ങാൻ കാരണമാകുകയും, തൽഫലമായി ശരീരത്തിലുടനീളം രക്തമെത്തിക്കാൻ ഹൃദയത്തിന് കൂടുതൽ ആയാസപ്പെട്ട് പ്രവർത്തിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് സ്വാഭാവികമായും രക്തസമ്മർദ്ദം ഉയർത്തുന്നു.

മദ്യപാനത്തിന്റെ അളവും ആവൃത്തിയും കൂടുന്തോറും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. പ്രത്യേകിച്ച് 35 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഈ അപകടസാധ്യത വളരെ കൂടുതലാണ്. തുടർച്ചയായുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം പക്ഷാഘാതം (Stroke), ഹൃദ്രോഗം, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, ഡിമെൻഷ്യ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ബിയറും കരള്‍ രോഗവും

നാം കഴിക്കുന്ന മദ്യത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയ പ്രധാനമായും നടക്കുന്നത് കരളിലാണ്. ഈ പ്രക്രിയയ്ക്കിടെ ഉത്പാദിപ്പിക്കപ്പെടുന്ന 'അസറ്റാല്‍ഡിഹൈഡ്' എന്ന വിഷാംശമുള്ള രാസപദാർത്ഥം കരളിന്റെ കോശങ്ങളെ നേരിട്ട് നശിപ്പിക്കുന്നു. അമിതമായി മദ്യപിക്കുന്നവരില്‍ കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും, ഇത് പിന്നീട് കരൾ വീക്കത്തിലേക്കും (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്) നയിക്കുന്നു. ഈ അവസ്ഥ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, കരളിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്ന 'ലിവർ സിറോസിസ്' എന്ന അതീവ ഗുരുതരമായ രോഗാവസ്ഥയിലേക്ക് ഇത് എത്തിച്ചേരാം.

ചില മരുന്നുകള്‍ കഴിക്കുന്നവര്‍ ബിയര്‍ ഒഴിവാക്കണം

ആന്റി ബയോട്ടിക്, ആന്റിഡിപ്രസന്റ്,സിഡേറ്റീവ് മരുന്നുകള്‍ തുടങ്ങിയ ഉപയോഗിക്കുന്നവര്‍ക്ക് ബിയര്‍ കഴിക്കുന്നത് അപകടമാണ്. അതുപോലെ ഗര്‍ഭിണികള്‍ മദ്യം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353193/beer-is-not-that-bad-beer-may-be-a-villain-for-those-with-these-diseases)