---
title: "ജീൻസ് അലക്കാൻ മടിയാണോ? പേടിക്കേണ്ട, ആ ശീലമാണ് നിങ്ങളുടെ ജീൻസിന് നല്ലത്"
english_title: "Are you lazy to wash your jeans? Don't worry, that habit is good for your jeans."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353180/are-you-lazy-to-wash-your-jeans-dont-worry-that-habit-is-good-for-your-jeans"
published_at: "2026-04-13T15:52:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcc605cf01c_ASWER.jpg"
keywords: []
---

# ജീൻസ് അലക്കാൻ മടിയാണോ? പേടിക്കേണ്ട, ആ ശീലമാണ് നിങ്ങളുടെ ജീൻസിന് നല്ലത്

> **Lead Summary:** **[**19ാം നൂറ്റാണ്ടില്‍ ജീന്‍സ് നിലവിൽ വന്നത് മുതൽ വസ്ത്രധാരണ രംഗത്ത് ജീൻസിനോളം സ്വീകാര്യതയുള്ള മറ്റൊരു വസ്ത്രമില്ലെന്ന് തന്നെ പറയാം. മുതിർന്നവർ മുതൽ യുവാക്കൾ വരെ ഒരേപോലെ ഇഷ്ടപ്പെടുന്ന ജീൻസ്, കാഷ്വൽ വസ്ത്രമായോ ഫോർമൽ വസ്ത്രമായോ ധരിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

## Article Content

**[**19ാം നൂറ്റാണ്ടില്‍ ജീന്‍സ് നിലവിൽ വന്നത് മുതൽ വസ്ത്രധാരണ രംഗത്ത് ജീൻസിനോളം സ്വീകാര്യതയുള്ള മറ്റൊരു വസ്ത്രമില്ലെന്ന് തന്നെ പറയാം. മുതിർന്നവർ മുതൽ യുവാക്കൾ വരെ ഒരേപോലെ ഇഷ്ടപ്പെടുന്ന ജീൻസ്, കാഷ്വൽ വസ്ത്രമായോ ഫോർമൽ വസ്ത്രമായോ ധരിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

എന്നാൽ എത്ര വിലകൂടിയ ജീൻസായാലും അതിന്റെ നിറം പെട്ടെന്ന് മങ്ങിപ്പോകുന്നുവെന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. കൂടാതെ, എത്ര തവണ ഉപയോഗിച്ച ശേഷമാണ് ജീൻസ് കഴുകേണ്ടതെന്ന കാര്യത്തിലും പലർക്കും ഇപ്പോഴും കൃത്യമായ ധാരണയില്ല. ജീൻസിന്റെ ആയുസ്സും തിളക്കവും നിലനിർത്താൻ ശരിയായ പരിപാലനം അത്യാവശ്യമാണ്.

ജീൻസ് പതിവായി ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 'ജീൻസ് അലക്കാൻ മടിയാണ്, മാസത്തിലൊരിക്കലേ കഴുകാറുള്ളൂ' എന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ ഇനി നെറ്റി ചുളിക്കേണ്ടതില്ല. കാരണം, ജീൻസ് എത്ര കുറച്ച് കഴുകുന്നുവോ അത്രത്തോളം അതിന്റെ ഭംഗിയും ആയുസ്സും വർധിക്കുമെന്നതാണ് വാസ്തവം.

ജീൻസിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സവിശേഷമായ ഡൈയിംഗ് രീതിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. പ്രകൃതിദത്തമായ നൂലുകളിൽ ഒന്നിലധികം തവണ ഇൻഡിഗോ ബാത്ത് നൽകുന്ന പുരാതന വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നിറം നൽകുമ്പോൾ നീല ചായം വസ്ത്രത്തിന്റെ പുറംപാളിയെ മാത്രമേ പൊതിയുന്നുള്ളൂ; ഉൾഭാഗം വെളുത്ത നിറത്തിൽ തന്നെ തുടരും. ഇടയ്ക്കിടെ കഴുകുമ്പോൾ ഈ നീല നാരുകളിലെ നിറം നഷ്ടപ്പെടുന്നത് കൊണ്ടാണ് ജീൻസ് പെട്ടെന്ന് നരച്ചതായി തോന്നുന്നത്. കട്ടിയുള്ള തുണിയായതിനാലും നിറം മങ്ങാൻ സാധ്യതയുള്ളതിനാലും ഓരോ തവണത്തെ ഉപയോഗത്തിന് ശേഷവും ജീൻസ് കഴുകേണ്ടതില്ല. ഏകദേശം നാല് മുതൽ ആറ് തവണ വരെ ധരിച്ച ശേഷം മാത്രം ജീൻസ് കഴുകുന്നതാണ് അതിന്റെ പുതുമ നിലനിർത്താൻ ഏറ്റവും അനുയോജ്യം.

ജീൻസ് അലക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഇവ ശ്രദ്ധിച്ചാൽ ജീൻസിന്റെ നിറവും പുതുമയും ദീർഘകാലം നിലനിർത്താം. ജീൻസ് കഴുകുമ്പോൾ എപ്പോഴും കൈകൊണ്ട് അലക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുകയാണെങ്കിൽ മെഷീൻ അമിതമായി നിറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. മെഷീനിൽ മറ്റ് വസ്ത്രങ്ങളുമായി ഉരസുന്നത് ജീൻസിലെ നിറം മങ്ങാൻ ഇടയാക്കും.

അലക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വെള്ളത്തിന്റെ താപനിലയാണ്. ജീൻസ് കഴുകാൻ എപ്പോഴും തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക; ചൂടുവെള്ളം നിറം മങ്ങാൻ കാരണമാകും. അലക്കുമ്പോഴും ഉണക്കാനിടുമ്പോഴും ജീൻസ് എപ്പോഴും തിരിച്ചിട്ടു വേണം ചെയ്യാൻ. കടുത്ത വെയിലത്തിട്ട് ഉണക്കുന്നത് ജീൻസിന്റെ ആയുസ്സ് കുറയ്ക്കും. അതിനാൽ എപ്പോഴും തണലത്തോ ഇളം വെയിലത്തോ ഇട്ട് ഉണക്കിയെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇതുവഴി ജീൻസിന്റെ കടുംനിറം നഷ്ടപ്പെടാതെ സംരക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353180/are-you-lazy-to-wash-your-jeans-dont-worry-that-habit-is-good-for-your-jeans)