---
title: "ശ്രേയസ് അയ്യരോട് കാണിക്കുന്നത് അവഗണന,മാറ്റിനിർത്തിയാൽ പ്രതിഷേധം;ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ഞെട്ടിച്ചുവെന്ന് സെവാഗ് "
english_title: "Shreyas Iyer is being ignored, if he is left out, he will protest; Sehwag says he was shocked by being left out of the World Cup squad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353172/shreyas-iyer-is-being-ignored-if-he-is-left-out-he-will-protest-sehwag-says-he-was-shocked-by-being-left-out-of-the-world-cup-squad"
published_at: "2026-04-13T15:26:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcbe4fb4122_SP.jpg"
keywords: []
---

# ശ്രേയസ് അയ്യരോട് കാണിക്കുന്നത് അവഗണന,മാറ്റിനിർത്തിയാൽ പ്രതിഷേധം;ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ഞെട്ടിച്ചുവെന്ന് സെവാഗ് 

> **Lead Summary:** മുംബൈ:**[ ** ഇന്ത്യൻ ടി20 ടീമിൽ നിന്ന് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഇനിയും തഴയുകയാണെങ്കിൽ താൻ ശക്തമായി പ്രതിഷേധിക്കുമെന്ന് മുൻ താരം മനോജ് തിവാരി. 2025 ഐപിഎൽ മുതൽ മികച്ച ഫോമിൽ കളിക്കുന്ന ശ്രേയസിനെ സെലക്ടർമാർ അവഗണിക്കുന്നതിനെതിരെ ക്രിക്ബസിനോട് സംസാരിക്കവെയാണ് തിവാരി തന്റെ നിലപാട് വ്യക്തമാക്കിയത്. താരത്തിന് വേണ്ടി പോരാടാൻ പോലും താൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

മുംബൈ:**[ ** ഇന്ത്യൻ ടി20 ടീമിൽ നിന്ന് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഇനിയും തഴയുകയാണെങ്കിൽ താൻ ശക്തമായി പ്രതിഷേധിക്കുമെന്ന് മുൻ താരം മനോജ് തിവാരി. 2025 ഐപിഎൽ മുതൽ മികച്ച ഫോമിൽ കളിക്കുന്ന ശ്രേയസിനെ സെലക്ടർമാർ അവഗണിക്കുന്നതിനെതിരെ ക്രിക്ബസിനോട് സംസാരിക്കവെയാണ് തിവാരി തന്റെ നിലപാട് വ്യക്തമാക്കിയത്. താരത്തിന് വേണ്ടി പോരാടാൻ പോലും താൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്താകാതെ 69 റൺസ് നേടി പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ച ശ്രേയസിന്‍റെ പ്രകടനത്തെ തിവാരി വാഴ്ത്തി. ശ്രേയസ് തന്‍റെ ബാറ്റിംഗിൽ വലിയ പക്വതയാണ് കാണിക്കുന്നത്. ഇത്രയൊക്കെ ചെയ്തിട്ടും അവനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, ഞങ്ങൾ പ്രതിഷേധിക്കും, അവനായി പോരാടും. അർഹമായത് അവന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും. രോഹിത് ശർമ്മയും വിരാട് കോലിയും വിരമിച്ച സാഹചര്യത്തിൽ, ടീമിനെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുപോകാനും ഐസിസി ട്രോഫികൾ നേടിത്തരാനും കഴിയുന്ന ഒരു താരം ഇന്ത്യയ്ക്ക് ആവശ്യമാണെന്നും മനോജ് തിവാരി പറഞ്ഞു.

ഗൗതം ഗംഭീറും സെലക്ടർമാരും അയ്യറെ മാറ്റിനിർത്തിയാൽ താൻ ഇതിനായി സമരത്തിന് വരെ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോജ് തിവാരിക്കൊപ്പം ചർച്ചയിൽ പങ്കെടുത്ത മുൻ ഓപ്പണർ വീരേന്ദർ സെവാഗും സെലക്ടർമാരുടെ തീരുമാനങ്ങളിൽ അത്ഭുതം രേഖപ്പെടുത്തി. കഴിഞ്ഞ ടി20 ലോകകപ്പ് ടീമിൽ നിന്ന് ശ്രേയസിനെ ഒഴിവാക്കിയത് തന്നെ ഞെട്ടിച്ചുവെന്ന് സെവാഗ് പറഞ്ഞു.

കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ ഫൈനലിൽ എത്തിക്കുന്നതിൽ ശ്രേയസ് വഹിച്ച പങ്ക് വളരെ വലുതാണ്. ടീമിനായി തനിച്ച് മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവ് ശ്രേയസ് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത ലോകകപ്പ് ടീമിൽ അവന് സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സെവാഗ് കൂട്ടിച്ചേർത്തു.

ഐപിഎൽ 2025 മുതൽ ശ്രേയസ് അയ്യർ തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. പഞ്ചാബ് കിംഗ്‌സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത് മുതൽ ബാറ്റിംഗിലും നായകമികവിലും അദ്ദേഹം തിളങ്ങുന്നുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ചതിന് പിന്നാലെ ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിന് തുടർ വിജയങ്ങള്‍ സമ്മാനിക്കാനും ശ്രേയസിനായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353172/shreyas-iyer-is-being-ignored-if-he-is-left-out-he-will-protest-sehwag-says-he-was-shocked-by-being-left-out-of-the-world-cup-squad)