---
title: "തമിഴ്‌നാട്ടിൽ എഐ സർവകലാശാല, ഓരോ വകുപ്പിലും കൈക്കൂലിക്ക് വിലക്ക്; രജനി സ്റ്റൈലിൽ വാഗ്ദാനങ്ങളുമായി ടിവികെ നേതാവ് വിജയ്"
english_title: "TVK leader Vijay makes promises in Rajini style"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353119/tvk-leader-vijay-makes-promises-in-rajini-style"
published_at: "2026-04-13T12:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc96f50b6e9_TVK_leader_Vijay_makes_promises_in_Rajini_style.jpg"
keywords: []
---

# തമിഴ്‌നാട്ടിൽ എഐ സർവകലാശാല, ഓരോ വകുപ്പിലും കൈക്കൂലിക്ക് വിലക്ക്; രജനി സ്റ്റൈലിൽ വാഗ്ദാനങ്ങളുമായി ടിവികെ നേതാവ് വിജയ്

> **Lead Summary:** കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നു. ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വേണ്ടി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, പ്രതിപക്ഷ നിരയിൽ എടപ്പാടി പളനിസാമിയും സജീവമാണ്. ഇതിനുപുറമെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച ടിവികെ നേതാവ് വിജയ്, സീമാൻ, തോൽ തിരുമാളവൻ തുടങ്ങിയ പ്രമുഖ നേതാക്കളും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്.

## Article Content

കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നു. ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വേണ്ടി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, പ്രതിപക്ഷ നിരയിൽ എടപ്പാടി പളനിസാമിയും സജീവമാണ്. ഇതിനുപുറമെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച ടിവികെ നേതാവ് വിജയ്, സീമാൻ, തോൽ തിരുമാളവൻ തുടങ്ങിയ പ്രമുഖ നേതാക്കളും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്.

തിരഞ്ഞെടുപ്പ് ചൂടിന്റെ ഭാഗമായി ടിവികെ അധ്യക്ഷൻ വിജയ് കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ വൻ പ്രചാരണ പരിപാടികൾ നടത്തി. ചെന്നൈയിൽ നിന്നും വിമാനമാർഗം തൂത്തുക്കുടിയിലെത്തിയ താരം, അവിടെ നിന്നും റോഡ് മാർഗമാണ് കന്യാകുമാരിയിലെ അണികളെയും ആരാധകരെയും അഭിസംബോധന ചെയ്യാൻ എത്തിയത്. വരുംദിവസങ്ങളിൽ തമിഴ് രാഷ്ട്രീയം കൂടുതൽ വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കന്യാകുമാരിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത വിജയ്, തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ചില പ്രധാന വാഗ്ദാനങ്ങൾ പുറത്തുവിട്ടു. ടിവികെ അധികാരത്തിൽ വന്നാൽ സർക്കാർ പദ്ധതികൾക്ക് കൈക്കൂലി വാങ്ങുന്നത് പൂർണമായി തടയും. കൈക്കൂലിയില്ലാതെ എല്ലാ സർക്കാർ സേവനങ്ങളും ജനങ്ങളിലേക്ക് എത്തും. സഹായങ്ങൾക്കായി അപേക്ഷിക്കേണ്ടതില്ല, പകരം സർക്കാർ സഹായങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കലെത്തും. ഒരു വകുപ്പിലും കൈക്കൂലി അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ഒരു പ്രധാന വിഷയത്തിൽ 10,000 പേർ പരാതി നൽകിയാൽ നിർബന്ധമായും മറുപടി നൽകും. 10 ലക്ഷം പേർ ഒപ്പിട്ട പരാതിയാണെങ്കിൽ അത് നിയമസഭയിൽ ചർച്ച ചെയ്യും. നിയമസഭാ സമ്മേളനത്തിലെ ഒരു ദിവസം പൂർണമായും ജനങ്ങളുടെ പരാതികൾക്കായി മാറ്റിവെക്കുമെന്നും വിജയ് പറഞ്ഞു. തമിഴ്‌നാടിനെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) തലസ്ഥാനമാക്കി മാറ്റും. സേലം, തിരുച്ചി എന്നിവിടങ്ങളിൽ എഐ ഇന്നൊവേഷൻ സെൻ്ററുകൾ സ്ഥാപിക്കും. തമിഴ്‌നാട്ടിൽ ഒരു എഐ സർവകലാശാല സ്ഥാപിക്കുമെന്നും വിജയ് വാഗ്ദാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353119/tvk-leader-vijay-makes-promises-in-rajini-style)