---
title: " വിശ്വസിക്കല്ലേ .....: മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നും 55 ഡിഗ്രി ചൂടാകുമെന്നും വ്യാജ പ്രചാരണം; സത്യാവസ്ഥ വ്യക്തമാക്കി അധികൃതർ"
english_title: "Officials clarify the truth about fake propaganda related to heatwave"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353103/officials-clarify-the-truth-about-fake-propaganda-related-to-heatwave"
published_at: "2026-04-13T11:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc86d55f5aa_hot.jpg"
keywords: []
---

#  വിശ്വസിക്കല്ലേ .....: മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നും 55 ഡിഗ്രി ചൂടാകുമെന്നും വ്യാജ പ്രചാരണം; സത്യാവസ്ഥ വ്യക്തമാക്കി അധികൃതർ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്.

ഔദ്യോഗിക അറിയിപ്പുകൾ എന്ന വ്യാജേന തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാമെന്നുമാണ് വ്യാജ പ്രചാരണം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ് പ്രചാരണമാണ് നടക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ലെന്നു ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്.

ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കണം. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353103/officials-clarify-the-truth-about-fake-propaganda-related-to-heatwave)