---
title: "ഡഗ് ഔട്ടിലെ ഫോൺ ഉപയോഗം; രാജസ്ഥാൻ റോയൽസ് മാനേജർക്ക് നോട്ടീസ്, പിന്നിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് വെളിപ്പെടുത്തൽ"
english_title: "Notice to Rajasthan Royals manager"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353071/notice-to-rajasthan-royals-manager"
published_at: "2026-04-13T10:06:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc7302d44a2_8.jpg"
keywords: []
---

# ഡഗ് ഔട്ടിലെ ഫോൺ ഉപയോഗം; രാജസ്ഥാൻ റോയൽസ് മാനേജർക്ക് നോട്ടീസ്, പിന്നിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് വെളിപ്പെടുത്തൽ

> **Lead Summary:** **ഗുവാഹത്തി:[ **ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ഡഗ് ഔട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീം മാനേജർ റൂമി ഭിന്ദർക്കെതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് നടപടി തുടങ്ങി.

## Article Content

**ഗുവാഹത്തി:[ **ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ഡഗ് ഔട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീം മാനേജർ റൂമി ഭിന്ദർക്കെതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് നടപടി തുടങ്ങി.

ഡ്രസ്സിംഗ് റൂമിന് പുറത്ത് ഫോൺ ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നിരിക്കെ ഭിന്ദർക്ക് ബിസിസിഐ നോട്ടീസ് അയച്ചു. എന്നാൽ, നിയമങ്ങൾ ലംഘിക്കണമെന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് തന്റെ ഗുരുതരമായ ശാരീരിക അവസ്ഥ കാരണമാണ് ഫോൺ കൈവശം വെച്ചതെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ഗുവാഹത്തിയിൽ നടന്ന മത്സരത്തിനിടെയാണ് ഭിന്ദർ ഡഗ് ഔട്ടിലിരുന്ന് ഫോൺ നോക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. മുൻപ് രണ്ട് ശ്വാസകോശങ്ങളും തകരാറിലായി വെന്റിലേറ്റർ ചികിത്സയ്ക്ക് വിധേയനായ ഭിന്ദർക്ക് ആസ്ത്മ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നിലവിലുണ്ട്.

ഡഗ് ഔട്ടിൽ നിന്നും ഡ്രസ്സിംഗ് റൂമിലേക്കെത്താൻ 50 അടിയോളം നടന്ന് 20 പടികൾ കയറേണ്ടതുണ്ട്. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ള ഭിന്ദർക്ക് ഈ ദൂരം സഞ്ചരിക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് കാരണമാണ് ഫോൺ ഡഗ് ഔട്ടിൽ തന്നെ സൂക്ഷിക്കേണ്ടി വന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്.

ഫോൺ ഉപയോഗിച്ച് ആരെയും വിളിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്തിട്ടില്ലെന്നും വെറുതെ സ്ക്രോൾ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടീം മാനേജർ എന്ന നിലയിൽ ചട്ടങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിലും ആരോഗ്യസ്ഥിതി പരിഗണിച്ച് ഇളവ് പ്രതീക്ഷിച്ചാണ് അദ്ദേഹം ഫോൺ കൈവശം വെച്ചത്.

സംഭവത്തിൽ തന്റെ ഭാഗം വിശദീകരിക്കാൻ ബിസിസിഐ അദ്ദേഹത്തിന് സമയം അനുവദിച്ചിട്ടുണ്ട്. ഭിന്ദറുടെ മെഡിക്കൽ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച് മാനുഷിക പരിഗണനയോടെയുള്ള തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ റോയൽസ് ക്യാമ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353071/notice-to-rajasthan-royals-manager)