---
title: "മകന്റേത് കൊലപാതകം, എച്ച്ഒഡി മൃഗീയമായി അധിക്ഷേപിച്ചു; മകനെ ജീവനോടെയെങ്കിലും തരാമായിരുന്നു; നിതിന്റെ പിതാവ്"
english_title: "HOD brutally abused him; could have given his son alive; Nitin's father"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353040/hod-brutally-abused-him-could-have-given-his-son-alive-nitins-father"
published_at: "2026-04-12T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dbd3b6847d0_nithon.jpg"
keywords: []
---

# മകന്റേത് കൊലപാതകം, എച്ച്ഒഡി മൃഗീയമായി അധിക്ഷേപിച്ചു; മകനെ ജീവനോടെയെങ്കിലും തരാമായിരുന്നു; നിതിന്റെ പിതാവ്

> **Lead Summary:** **കണ്ണൂര്‍: **അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്തതല്ലെന്നും മകന്റേത് കൊലപാതകമാണെന്നും ആവര്‍ത്തിച്ച് പിതാവ് രാജന്‍. നിലവില്‍ പ്രതികളായ അധ്യാപകര്‍ക്ക് മാത്രമല്ല ലത എന്ന അധ്യാപികയ്ക്കും കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും മകന്റെ മരണത്തില്‍ പങ്കുണ്ടെന്നും പിതാവ് ആരോപിച്ചു.

## Article Content

**കണ്ണൂര്‍: **അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്തതല്ലെന്നും മകന്റേത് കൊലപാതകമാണെന്നും ആവര്‍ത്തിച്ച് പിതാവ് രാജന്‍. നിലവില്‍ പ്രതികളായ അധ്യാപകര്‍ക്ക് മാത്രമല്ല ലത എന്ന അധ്യാപികയ്ക്കും കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും മകന്റെ മരണത്തില്‍ പങ്കുണ്ടെന്നും പിതാവ് ആരോപിച്ചു.

'എന്തിനാണ് മകനെ ഇരുട്ട് മുറിയില്‍ അടച്ചത്. പലതവണയായി മകന്‍ നല്‍കിയ പരാതികള്‍ പ്രിന്‍സിപ്പല്‍ പൂഴ്ത്തിവെച്ചു. മകന്‍ കോളേജില്‍ എത്തി ഒരു മാസം മുതല്‍ റാഗിംഗ് നേരിട്ടു. പല വസ്ത്രങ്ങള്‍ ഇടാന്‍ പോലും സമ്മതിച്ചില്ല. ടി ഷര്‍ട്ട് ഇട്ടതുപോലും ഊരിപ്പിച്ചു. അന്ന് തുടങ്ങിയതാണ് ഈ ക്രൂരത. കുളിക്കാന്‍ പോലും സമ്മതിച്ചില്ല. തുണി അലക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു'വെന്നും പിതാവ് ആരോപിച്ചു.

എച്ച്ഒഡി മൃഗീയമായി മകനെ അധിക്ഷേപിച്ചു. കണ്ണാടിയില്‍ നോക്കാന്‍ പോലും പറഞ്ഞു. തന്റെ മകന് എന്തായിരുന്നു ഒരു കുറവ്. എല്ലാവരുടേയും മുന്നില്‍വെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചു. ജീവനോടെ എങ്കിലും മകനെ തരാമായിരുന്നു. മകനെ പറ്റി എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് കുടുംബത്തെ അറിയിക്കാമായിരുന്നു. മെറിറ്റില്‍ അഡ്മിഷന്‍ കിട്ടിയ ആളാണ് മകന്‍. സിദ്ധാര്‍ത്ഥിനെപ്പോലെ തന്റെ മകനേയും കൊന്നുവെന്നും പിതാവ് പറഞ്ഞു.

ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിന്‍ ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353040/hod-brutally-abused-him-could-have-given-his-son-alive-nitins-father)