---
title: "ന്യൂസിലൻഡിൽ മണിക്കൂറിൽ 130 കി.മീ വേഗതയിൽ കാറ്റ്, 13 മീറ്റർ ഉയരത്തിൽ തിരമാലകൾ; ഭീതിയിലാഴ്ത്തി വൈയാനു ചുഴലിക്കാറ്റ്"
english_title: "Cyclone Waianu wreaks havoc in New Zealand with winds of 130 km/h and waves of 13 meters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352967/cyclone-waianu-wreaks-havoc-in-new-zealand-with-winds-of-130-kmh-and-waves-of-13-meters"
published_at: "2026-04-12T09:57:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db1f7572a97_Cyclone_Waianu_wreaks_havoc_in_New_Zealand_with_winds_of.jpg"
keywords: []
---

# ന്യൂസിലൻഡിൽ മണിക്കൂറിൽ 130 കി.മീ വേഗതയിൽ കാറ്റ്, 13 മീറ്റർ ഉയരത്തിൽ തിരമാലകൾ; ഭീതിയിലാഴ്ത്തി വൈയാനു ചുഴലിക്കാറ്റ്

> **Lead Summary:** വെല്ലിംഗ്ടൺ: അതിശക്തമായ കാറ്റും മഴയുമായി 'വൈയാനു' ചുഴലിക്കാറ്റ് ന്യൂസിലാൻഡിൽ ആഞ്ഞടിക്കുന്നു. ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ഈ പ്രകൃതിക്ഷോഭത്തിൽ നോർത്ത് ഐലൻഡിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

## Article Content

വെല്ലിംഗ്ടൺ: അതിശക്തമായ കാറ്റും മഴയുമായി 'വൈയാനു' ചുഴലിക്കാറ്റ് ന്യൂസിലാൻഡിൽ ആഞ്ഞടിക്കുന്നു. ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ഈ പ്രകൃതിക്ഷോഭത്തിൽ നോർത്ത് ഐലൻഡിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും തീരപ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അടുത്ത 24 മണിക്കൂർ കൂടി നോർത്ത് ഐലൻഡിൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുകയാണ്. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്നും അത് ചാതം (Chatham) ദ്വീപുകളുടെ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കടലിൽ 13 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ‘മെറ്റ്‌സർവീസ്’ മുന്നറിയിപ്പ് നൽകി. നോർത്ത് ഐലൻഡിന്റെ മിക്ക ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും മറ്റും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചുരുങ്ങിയത് രണ്ട് ദിവസത്തേക്കെങ്കിലും ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു. 2023-ൽ ന്യൂസിലാൻഡിൽ വലിയ നാശം വിതച്ച ഗബ്രിയേൽ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ 11 പേർക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യം ഒഴിവാക്കാൻ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352967/cyclone-waianu-wreaks-havoc-in-new-zealand-with-winds-of-130-kmh-and-waves-of-13-meters)