---
title: "മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ കലക്ടറുടെ നിർദ്ദേശം; പ്രതിഷേധവുമായി യുഡിഎഫ്"
english_title: "Collector's proposal to open strong rooms in Malappuram; UDF protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352924/collectors-proposal-to-open-strong-rooms-in-malappuram-udf-protests"
published_at: "2026-04-11T21:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da6c38ee5e4_vote.jpg"
keywords: []
---

# മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ കലക്ടറുടെ നിർദ്ദേശം; പ്രതിഷേധവുമായി യുഡിഎഫ്

> **Lead Summary:** **മലപ്പുറം: മ**ലപ്പുറം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയതായി യുഡിഎഫ് ചെയർമാൻ അബ്ദുൽ മജീദ് ആരോപിച്ചു.

## Article Content

**മലപ്പുറം: മ**ലപ്പുറം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയതായി യുഡിഎഫ് ചെയർമാൻ അബ്ദുൽ മജീദ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വം ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ നിന്ന് പുറത്തേക്ക് മാറ്റാനാണ് കലക്ടർ നിർദ്ദേശം നൽകിയതെന്നാണ് ലഭ്യമാകുന്ന വിവരം.

സാധാരണഗതിയിൽ വോട്ടെണ്ണൽ ദിവസം രാവിലെ മാത്രം തുറക്കേണ്ട സ്ട്രോങ്ങ് റൂമുകൾ ഇപ്പോൾ തുറക്കുന്നത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുമെന്ന ആശങ്ക രാഷ്ട്രീയ കക്ഷികൾ പങ്കുവെച്ചു.

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ ഇടപെടൽ ഇതിലുണ്ടോ എന്ന് സംശയിക്കുന്നതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച യുഡിഎഫ്, കലക്ടറുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ സ്ട്രോങ്ങ് റൂമുകൾ തുറക്കാനുള്ള തീരുമാനം കലക്ടർ പിൻവലിക്കുകയും നിലവിലെ സ്ഥിതി തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352924/collectors-proposal-to-open-strong-rooms-in-malappuram-udf-protests)