---
title: "'വിവാഹം നടത്തിയത് വലിയ വീഴ്ച'; കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് കൂട്ടുനിന്നവർക്കെതിരെ കേസ്  എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ"
english_title: "Scheduled Castes Commission's legal advisor says action should be taken against those who helped in the wedding of the Kumbh Mela viral girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352837/scheduled-castes-commissions-legal-advisor-says-action-should-be-taken-against-those-who-helped-in-the-wedding-of-the-kumbh-mela-viral-girl-new"
published_at: "2026-04-11T13:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9ff966aebd_Scheduled_Castes_Commissions_legal_advisor_says_action_should_be_taken_against_those_who_helped_in_the_wedding_of_the_Kumbh_Mela_viral_girl.jpg"
keywords: []
---

# 'വിവാഹം നടത്തിയത് വലിയ വീഴ്ച'; കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് കൂട്ടുനിന്നവർക്കെതിരെ കേസ്  എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ

> **Lead Summary:** ദില്ലി: കുംഭമേളയിലൂടെ വൈറലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പോക്സോ നിയമത്തിന് പുറമെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും വ്യാജരേഖ ചമച്ചതിനും കേസെടുക്കണമെന്ന് ആവശ്യം. ഇക്കാര്യത്തിൽ പോലീസിന് കർശന നിർദ്ദേശം നൽകുമെന്ന് പട്ടികവർഗ കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കെ അറിയിച്ചു.

## Article Content

ദില്ലി: കുംഭമേളയിലൂടെ വൈറലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പോക്സോ നിയമത്തിന് പുറമെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും വ്യാജരേഖ ചമച്ചതിനും കേസെടുക്കണമെന്ന് ആവശ്യം. ഇക്കാര്യത്തിൽ പോലീസിന് കർശന നിർദ്ദേശം നൽകുമെന്ന് പട്ടികവർഗ കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കെ അറിയിച്ചു.

വിവാഹത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് നേതൃത്വം നൽകിയ എല്ലാവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പരാതിക്കാരനായ പ്രഥം ദുബെ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ വിവാഹം നടത്തിയത് ഗുരുതരമായ വീഴ്ചയാണെന്നും കാർമ്മികത്വം വഹിച്ചവർക്കെതിരെയും കേസെടുക്കണമെന്നും പ്രകാശ് ഉയ്കെ മാധ്യമങ്ങളോട് പ്രതികരിച്ചു.

വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. നിലവിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കുറ്റം ചുമത്തിയതെന്നാണ് സൂചന. ഇതോടൊപ്പം മറ്റു വകുപ്പുകൾ ചുമത്തണമെന്നാണ് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കൈ ആവശ്യപ്പെടുന്നത്. മറ്റ് അന്വേഷണങ്ങൾ നടത്താതെ കേവലം ആധാർ കാർഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചു. കേരളത്തിൽ എത്തി താൻ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായി. ഈ വിവാഹത്തിന് സഹായം നൽകിയ എല്ലാവരെയും പ്രതിയാക്കണമെന്നും പ്രകാശ് ഉയ്കൈ  മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ എത്തി വിവാഹം നടത്തിയത് ദൂരൂഹമാണെന്നും സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരൻ പ്രഥം ദുബൈ ആരോപിച്ചു. ഫർമാനെതിരായ കേസിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിക്കുന്നത്. അതേസമയം, പോക്സോ ചുമത്തിയതടക്കം വിഷയങ്ങളിൽ മധ്യപ്രദേശ് പൊലീസ് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352837/scheduled-castes-commissions-legal-advisor-says-action-should-be-taken-against-those-who-helped-in-the-wedding-of-the-kumbh-mela-viral-girl-new)