---
title: "കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്ന് വ്യക്തമല്ല; ഹോർമുസ് തുറക്കാൻ സാങ്കേതിക തടസ്സം"
english_title: "It is unclear where the mines placed to deter ships are; technical obstacle to opening Hormuz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352828/it-is-unclear-where-the-mines-placed-to-deter-ships-are-technical-obstacle-to-opening-hormuz"
published_at: "2026-04-11T12:55:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9f7a05d855_It_is_unclear_where_the_mines_placed_to_deter_ships_are.jpg"
keywords: []
---

# കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്ന് വ്യക്തമല്ല; ഹോർമുസ് തുറക്കാൻ സാങ്കേതിക തടസ്സം

> **Lead Summary:** ടെഹ്റാൻ: (truevisionnews.com ഹോർമുസ് കടലിടുക്കിൽ തങ്ങൾ വിന്യസിച്ച നാവിക മൈനുകളുടെ സ്ഥാനം കണ്ടെത്താനാകാതെ ഇറാൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി ന്യൂയോർക്ക് ടൈംസ്' ആണ് വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാസം യുഎസും ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായ ഘട്ടത്തിൽ, ചെറിയ ബോട്ടുകൾ ഉപയോഗിച്ച് തിരക്കിട്ടാണ് ഇറാൻ ഇവിടെ മൈനുകൾ സ്ഥാപിച്ചത്.

## Article Content

ടെഹ്റാൻ: (truevisionnews.com ഹോർമുസ് കടലിടുക്കിൽ തങ്ങൾ വിന്യസിച്ച നാവിക മൈനുകളുടെ സ്ഥാനം കണ്ടെത്താനാകാതെ ഇറാൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി ന്യൂയോർക്ക് ടൈംസ്' ആണ് വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാസം യുഎസും ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായ ഘട്ടത്തിൽ, ചെറിയ ബോട്ടുകൾ ഉപയോഗിച്ച് തിരക്കിട്ടാണ് ഇറാൻ ഇവിടെ മൈനുകൾ സ്ഥാപിച്ചത്.

എന്നാൽ ശാസ്ത്രീയമായ രീതിയിലല്ലാത്ത വിന്യാസവും കടലിലെ ശക്തമായ ഒഴുക്കും കാരണം പല മൈനുകളും മുൻ നിശ്ചയിച്ച സ്ഥാനങ്ങളിൽ നിന്ന് മാറിയതായാണ് വിലയിരുത്തൽ. കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും, സാങ്കേതികമായ ഈ പരിമിതികൾ തടസ്സമാണെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നൽകുന്ന സൂചനയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ സ്വന്തം മൈനുകൾ തന്നെ ഇറാനിയൻ നാവികസേനയ്ക്കും മറ്റ് ചരക്ക് കപ്പലുകൾക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

ഈ സാങ്കേതിക തകരാറ് മൈൻ പ്രതിസന്ധി മൂലമാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.മൈനുകൾ വിന്യസിക്കുന്നത് എളുപ്പമായിരുന്നെങ്കിലും അവ നീക്കം ചെയ്യുന്നത് ഇറാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മൈനുകൾ കൃത്യമായി കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ഇറാനില്ലാത്തത് പ്രശ്നം സങ്കീർണ്ണമാക്കുന്നു. ഇസ്‌ലാമാബാദിൽ ഇന്ന് നടക്കാനിരിക്കുന്ന ഇറാൻ യുഎസ് സമാധാന ചർച്ചകളിൽ ഈ വിഷയം പ്രധാനമായും ചർച്ച ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ. 70 അംഗ പ്രതിനിധി സംഘമാണ് ഇറാനെ പ്രതിനിധീകരിച്ച് പാകിസ്ഥാനിലെത്തിയിട്ടുള്ളത്. മൈനുകളുടെ സാന്നിധ്യം കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയായതിനാൽ ആഗോള എണ്ണവിലയെയും ഇത് ബാധിച്ചേക്കാം.

നിലവിൽ ചുങ്കം നൽകുന്ന കപ്പലുകൾക്ക് മാത്രമായി ഇറാൻ ഒരു ഇടുങ്ങിയ പാത തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ മൈനുകളുടെ സ്ഥാനം വ്യക്തമല്ലാത്തതിനാൽ ഇതിലൂടെയുള്ള യാത്രയും പൂർണ്ണമായും സുരക്ഷിതമാണെന്ന് സ്ഥിരീകരണമില്ല. അമേരിക്കയുടെ അത്യാധുനിക സംവിധാനങ്ങൾക്ക് പോലും ഈ മൈനുകൾ കണ്ടെത്തുക പ്രയാസകരമായ സാഹചര്യത്തിൽ, ഗതാഗതം പുനസ്ഥാപിക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352828/it-is-unclear-where-the-mines-placed-to-deter-ships-are-technical-obstacle-to-opening-hormuz)