---
title: "ശ്രീനന്ദയുടെ മരണം; കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി കർണാടക പൊലീസ്, അന്വേഷണം പുരോഗമിക്കുന്നു"
english_title: "Sreenanda's death; Karnataka police reject family's allegations, investigation underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352819/sreenandas-death-karnataka-police-reject-familys-allegations-investigation-underway"
published_at: "2026-04-11T12:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9f24f5fbae_Karnataka_police_reject_familys_allegations,_investigation_underway.jpg"
keywords: []
---

# ശ്രീനന്ദയുടെ മരണം; കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി കർണാടക പൊലീസ്, അന്വേഷണം പുരോഗമിക്കുന്നു

> **Lead Summary:** ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മലയാളി പെൺകുട്ടി ശ്രീനന്ദ മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി കർണാടക പൊലീസ്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

## Article Content

ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മലയാളി പെൺകുട്ടി ശ്രീനന്ദ മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി കർണാടക പൊലീസ്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയകരമായ കണ്ടെത്തലുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിക്കിടെയാണ് പൊലീസിന്റെ ഈ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ശ്രീനന്ദ കാലുതെന്നി വീണതോ അല്ലെങ്കിൽ സ്വമേധയാ ചാടിയതോ ആകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെ സാഹചര്യങ്ങളും പരിശോധനകളും ഇതിന് പിന്തുണയാകുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. വിശദമായ പരിശോധനകളും തുടർ അന്വേഷണവും പുരോഗമിക്കുകയാണ് പൊലീസ്. അതേസമയം, ശ്രീനന്ദയുടെ മൃതദേഹം പാലക്കാടുള്ള ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. കർണാടക പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നിരവധി പേർ ശ്രീനന്ദയെ അവസാനമായി കാണാനെത്തി.

കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ച് ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്തു നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മലയടിവാരത്തു മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കടപ്പടിപ്പുറം സ്വദേശി രമേശിന്റെയും രോഹിണിയുടെയും മകളാണ് പതിനഞ്ച് വയസുകാരിയായ ശ്രീനന്ദ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352819/sreenandas-death-karnataka-police-reject-familys-allegations-investigation-underway)