---
title: "വിവാഹാഭ്യർഥന നിരസിച്ചതിന് പകവീട്ടൽ; ആന്ധ്രയിൽ കൗമാരക്കാരിയെ കഴുത്തറുത്ത് കൊന്നു, യുവാവ് അറസ്റ്റിൽ"
english_title: "Teenager murdered in Andhra Pradesh, youth arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352767/teenager-murdered-in-andhra-pradesh-youth-arrested"
published_at: "2026-04-11T09:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9ca3612014_Teenager_murdered_in_Andhra_Pradesh.jpg"
keywords: []
---

# വിവാഹാഭ്യർഥന നിരസിച്ചതിന് പകവീട്ടൽ; ആന്ധ്രയിൽ കൗമാരക്കാരിയെ കഴുത്തറുത്ത് കൊന്നു, യുവാവ് അറസ്റ്റിൽ

> **Lead Summary:** തിരുപ്പതി: ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിൽ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ 16 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഖാസിപേട്ട് മണ്ഡലത്തിലെ അഗ്രഹാരത്തിൽ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. തന്നെ വിവാഹം കഴിക്കണമെന്ന യുവാവിന്റെ ആവശ്യം പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്. യുവാവിന്റെ ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റ പെൺകുട്ടി രക്തം വാർന്ന് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പോലീസ് അതിവേഗം പിടികൂടി.

## Article Content

തിരുപ്പതി: ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിൽ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ 16 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഖാസിപേട്ട് മണ്ഡലത്തിലെ അഗ്രഹാരത്തിൽ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. തന്നെ വിവാഹം കഴിക്കണമെന്ന യുവാവിന്റെ ആവശ്യം പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്. യുവാവിന്റെ ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റ പെൺകുട്ടി രക്തം വാർന്ന് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പോലീസ് അതിവേഗം പിടികൂടി.

ആഞ്ജനേയ കോട്ടാല ഗ്രാമത്തിലെ താമസക്കാരനായ പ്രതി വെങ്കിടേഷ്(19), പെൺകുട്ടിയെ ഉപദ്രവിക്കുകയും വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് ഖാസിപേട്ട് പോലീസ് പറഞ്ഞു. എന്നാൽ മാതാപിതാക്കൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന് പെൺകുട്ടി പറഞ്ഞിട്ടും പ്രതി പിൻമാറിയില്ല. വെള്ളിയാഴ്ച രാവിലെ, പെൺകുട്ടിയുടെ മാതാപിതാക്കൾ പുറത്തു പോവുകയും വീട്ടിൽ പെൺകുട്ടി തനിച്ചാവുകയും ചെയ്ത സമയത്ത് വെങ്കിടേഷ് എത്തി വഴക്കിട്ടു. അവരുടെ തർക്കം രൂക്ഷമായപ്പോൾ, വെങ്കിടേഷ് കൈവശം കരുതിയ കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തറുത്തു. സഹായത്തിനായി നിലവിളിച്ച പെൺകുട്ടി കുഴഞ്ഞുവീണപ്പോൾ വെങ്കിടേഷ് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. അയൽവാസികള്‍ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയും കടപ്പയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ അമിത രക്തസ്രാവം മൂലം കൂട്ടി മരിക്കുകയായിരുന്നു.

കൊലപാതകം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടാൻ ശ്രമിച്ച വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും വെങ്കിടേഷിന് കർശന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളും വിവിധ വനിതാ സംഘടനകളും ഖാസിപേട്ടിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352767/teenager-murdered-in-andhra-pradesh-youth-arrested)